banner

അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കണം!, ജിഒപി സംവാദത്തില്‍ നിലപാട് വ്യക്തമാക്കി വിവേക് രാമസ്വാമി

വാഷിംഗ്ടണ്‍ : രണ്ടാം ജിഒപി സംവാദത്തില്‍ തിളങ്ങി ഇന്ത്യന്‍ വംശജനായ അമേരിക്ക റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി.അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സംവാദത്തില്‍ അദ്ദേഹം മുന്നോട്ട് വെച്ചത്. ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. 14-മത് ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു വിവേക് രാമസ്വാമിയുടെ പരാമര്‍ശം.

”അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്നതിലൂടെ പൗരത്വം നല്‍കുന്ന രീതി അവസാനിപ്പിക്കണം എന്ന പക്ഷക്കാരനാണ്. ഇതുകേള്‍ക്കുമ്ബോള്‍ പ്രതിപക്ഷം ചിലപ്പോള്‍ ഭരണഘടനയും 14-മത് ഭേദഗതിയുമുയര്‍ത്തിപ്പിടിക്കാന്‍ സാധ്യതയുണ്ട്. 14-ാം ഭേദഗതി എന്താണെന്ന് ഞാന്‍ കൃത്യമായി വായിച്ച്‌ മനസ്സിലാക്കിയിട്ടുണ്ട്. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം ” വിവേക് രാമസ്വാമി പറഞ്ഞു.

മെക്‌സിക്കന്‍ നയതന്ത്രജ്ഞന്റെ കുട്ടി അമേരിക്കയില്‍ ജനിച്ചാലും 14-ാം ഭേദഗതി അനുസരിച്ച്‌ ആ കുട്ടിയ്ക്ക് യുഎസ് പൗരനാകാന്‍ കഴിയില്ല എന്നും വിവേക് രാമസ്വാമി കൂട്ടിച്ചേര്‍ത്തു. ജനനത്തിലൂടെ ലഭിക്കുന്ന യുഎസ് പൗരത്വം എന്നതിലുള്‍പ്പെടുന്ന വസ്തുതകളെപ്പറ്റി അമേരിക്കയിലെ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയാണ് ജനനത്തിലൂടെ ലഭിക്കുന്ന യുഎസ് പൗരത്വത്തെപ്പറ്റി പ്രതിപാദിക്കുന്നത്.

14-ാം ഭേദഗതിയിലെ സെക്ഷന്‍ 1 പ്രകാരം അമേരിക്കയില്‍ ജനിച്ചവരായ എല്ലാ വ്യക്തികള്‍ക്കും യുണൈറ്റൈഡ് സ്റ്റേറ്റ്‌സിലേയും അവര്‍ ജനിച്ച സംസ്ഥാനത്തെയും പൗരത്വം ലഭിക്കുന്നുവെന്ന് പറയുന്നു. പൗരന്‍മാരുടെ പ്രത്യേക അവകാശം ഹനിക്കുന്ന നിയമം സംസ്ഥാനങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ല. നിയമാനുസൃത നടപടിക്രമത്തിലൂടെയല്ലാതെ വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഈ സെക്ഷനില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുട്ടികള്‍ അമേരിക്കയില്‍ ജനിച്ചാല്‍ യുഎസ് പൗരത്വം ലഭിക്കില്ലെന്നും 14-ാം ഭേദഗതിയില്‍ പറയുന്നു. കാലിഫോര്‍ണിയയിലെ സിമി വാലിയിലുള്ള റൊണാള്‍ഡ് റീഗന്‍ ലൈബ്രറിയിലാണ് രണ്ടാം ജിഒപി സംവാദം സംഘടിപ്പിച്ചത്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 7 സ്ഥാനാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്. നേരത്തെ എച്ച്‌-വണ്‍ ബി വിസ വിഷയത്തിലും വിവേക് രാമസ്വാമി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.


എച്ച്‌-വണ്‍ ബി വിസ പ്രോഗ്രാമിനെ ഒരു തരം അടിമത്തമെന്നാണ് വിവേക് രാമസ്വാമി പറഞ്ഞത്. ലോട്ടറി അധിഷ്ഠിതമായ ഈ സമ്ബ്രദായം കുഴപ്പിക്കുന്നതാണെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് അമേരിക്കയില്‍ വരാനും അമേരിക്കന്‍ കമ്ബനികളില്‍ ജോലി ചെയ്യാനും കഴിയുന്ന തരത്തിലാണ് എച്ച്‌-വണ്‍ ബിസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഏറെ താത്പര്യമുള്ള വിസയാണിത്.

പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് യുഎസ് ആസ്ഥാനമായുള്ള കമ്ബനികളെ അനുവദിക്കുന്ന വിസയാണിത്. എച്ച്‌-വണ്‍ ബി വിസയ്ക്ക് ആവശ്യക്കാരേറെയാണെങ്കിലും വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പ് ഇതിന് ആവശ്യമാണ്. ലോട്ടറി സമ്ബ്രദായം പോലെ നറുക്കെടുപ്പ് മുഖേനെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ മുമ്ബും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏറെ ആവശ്യക്കാരുള്ള വിസ പ്രോഗ്രാമാണ് എച്ച്‌ 1 ബി വിസ. ഈ വിസയ്ക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാ വര്‍ഷവും 65,000 എച്ച്‌-വണ്‍ ബി വിസകളും യുഎസ് ബിരുദമുള്ളവര്‍ക്ക് 20,000 വിസകളും യുഎസ് നല്‍കുന്നു. നിലവില്‍ എച്ച്‌-വണ്‍ ബി വിസയുടെ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്. പരിമിതമായ സീറ്റുകളാണ് ഉള്ളെങ്കില്‍ പോലും ഈ വിസ പദ്ധതിക്ക് വലിയ ആവശ്യമാണ് ഉള്ളത്. ലഭ്യമായ 85,000 എച്ച്‌ വണ്‍ ബി വിസ സ്ലോട്ടുകളിലേക്കായി 2021 സാമ്ബത്തിക വര്‍ഷത്തില്‍ 7.8 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനം അധികമാണ്

Post a Comment

0 Comments