ഗുവഹാത്തി : ഏഷ്യ കപ്പിലെ തോല്‍വിയ്ക്ക് സന്നാഹ മത്സരത്തില്‍ തന്നെ പകരം ചോദിച്ച് അഫ്ഗാനിസ്ഥാൻ. ഗുവാഹത്തിയില്‍ നടന്ന ലോകകപ്പിലെ അവസാന സന്നാഹ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഏകപക്ഷീയ വിജയം നേടികൊണ്ടാണ് വലിയ മുന്നറിയിപ്പ് അഫ്ഗാൻ നല്‍കിയിരിക്കുന്നത്. 6 വിക്കറ്റിനായിരുന്നു മത്സരത്തില്‍ അഫ്ഗാൻ്റെ വിജയം.
മഴമൂലം 42 ഓവറില്‍ 257 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാൻ 38.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു. 92 പന്തില്‍ 8 ഫോറും 9 സിക്സും ഉള്‍പ്പടെ 119 റണ്‍സ് നേടിയ റഹ്മനുള്ള ഗുര്‍ബാസ്, 82 പന്തില്‍ 93 റണ്‍സ് നേടിയ റഹ്മത്ത് ഷാ എന്നിവരാണ് അഫ്ഗാന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 46.2 ഓവറില്‍ 294 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 87 പന്തില്‍ 19 ഫോറും 9 സിക്സും ഉള്‍പ്പടെ 158 റണ്‍സ് നേടിയ കുശാല്‍ മെൻഡിസ് മാത്രമാണ് ശ്രീലങ്കയ്ക്കായി തിളങ്ങിയത്.
അഫ്ഗാനിസ്ഥാന് വേണ്ടി മൊഹമ്മദ് നബി എട്ടോവറില്‍ 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. ഒക്ടോബര്‍ ഏഴിന് ധര്‍മ്മശാലയില്‍ ബംഗ്ളാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ ആദ്യ മത്സരം. അന്നേ ദിവസം ഡല്‍ഹിയില്‍ സൗത്താഫ്രിക്കയുമായി ശ്രീലങ്ക ഏറ്റുമുട്ടും.
0 Comments