banner

14 വര്‍ഷത്തിനൊടുവില്‍ ഒമേഗിള്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു


സ്വന്തം ലേഖകൻ
14 വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങി ജനപ്രിയ ഓണ്‍ലൈന്‍ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ഒമേഗിള്‍. വെബ് സൈറ്റിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് ആവശ്യമായ ചിലവ് താങ്ങാന്‍ സാധിക്കാത്തതും ഒരു വിഭാഗത്തിന്റെ പ്ലാറ്റ്ഫോം ദുരുപയോഗവുമാണ് തീരുമാനത്തിന് പിന്നിലെന്ന് ഒമേഗിള്‍ സ്ഥാപകന്‍ ലീഫ് കെ ബ്രൂക്‌സ് പറഞ്ഞു.

2009ലാണ് ഒമേഗിളിന് ലീഫ് തുടക്കം കുറിച്ചത്. അതും തന്റെ 18-ാം വയസില്‍. വ്യക്തി വിവരങ്ങള്‍ നല്‍കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പരസ്പരം വീഡിയോ ചാറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കിയ ഒമേഗിളിന് വന്‍ സ്വീകാര്യതയാണ് അക്കാലത്ത് ലഭിച്ചിരുന്നത്.

ലോകമാകെ കൊവിഡ് പടര്‍ന്ന സമയത്താണ് ഒമേഗിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. അപരിചിതരുമായി സന്ദേശം, വീഡിയോ കോള്‍ ഇതിൽ എന്തു വേണമെന്ന് തീരുമാനിച്ച്, നിങ്ങളുടെ താല്‍പര്യങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും അതിലുണ്ട്. തുടര്‍ന്ന് സമാന താല്‍പര്യമുള്ള വ്യക്തികളെ കണ്ടെത്തി ബന്ധിപ്പിക്കുന്നതായിരുന്നു ഒമേഗിളിന്റെ പ്രവര്‍ത്തനം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും കൈയില്‍ ഒതുങ്ങിയില്ല. തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം ഒമേഗിള്‍ സ്ഥാപകന്‍ ലീഫ് സ്വീകരിച്ചത്.

Post a Comment

0 Comments