banner

75 പേര്‍ കോടീശ്വരന്മാർ!, കോടിപതികളിൽ ഒന്നാമന്‍ സി.പി.എം എം.എൽ.എ പി.വി അന്‍വര്‍, രണ്ടാമത് കോൺഗ്രസ്സ് എം.എൽ.എ മാത്യൂ കുഴല്‍നാടന്‍, സംസ്ഥാനത്തെ 70 എം.എല്‍.എമാരുടെ ആസ്തിയില്‍ വന്‍വര്‍ധനവെന്ന് പഠനം, നിയമസഭാംഗങ്ങളില്‍ 96 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി


സ്വന്തം ലേഖകൻ
തൃശൂര്‍ : സംസ്ഥാനത്തെ 70 എം.എല്‍.എമാരുടെ ആസ്തിയില്‍ വന്‍വര്‍ധന. 2016-ല്‍നിന്ന് 2021-ല്‍ എത്തുമ്പോള്‍ ശരാശരി ആസ്തിയില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണുണ്ടായതെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തില്‍ വ്യക്തമായി (54% വര്‍ധന). 2016-ല്‍ എം.എല്‍.എമാരുടെ ശരാശരി ആസ്തി 2.36 കോടി രൂപയായിരുന്നു. 2021-ല്‍ ഇത് 3.64 കോടിയായി. എം.എല്‍.എമാരില്‍ 75 പേര്‍ കോടീശ്വരന്മാരാണ്.

ആസ്തിയില്‍ ഒന്നാമന്‍ പി.വി. അന്‍വറാണ്- 64 കോടിയിലേറെ. രണ്ടാംസ്ഥാനത്തു മാത്യു കുഴല്‍നാടന്‍- 34 കോടിയിലേറെ. മാണി സി. കാപ്പനാണു മൂന്നാമത്- 27 കോടിയിലേറെ. ബാധ്യതയുടെ കാര്യത്തിലും അന്‍വറാണു മുന്നില്‍- 17 കോടിയിലേറെ. വി. അബ്ദുറഹ്മാന് ഏഴ് കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ട്. മാണി സി. കാപ്പന്റെ ബാധ്യത നാലുകോടിയിലേറെ.

അതേ സമയം, സംസ്ഥാനത്തെ നിയമസഭാംഗങ്ങളില്‍ 96 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി. ആകെ എം.എല്‍.എമാരില്‍ 71 ശതമാനമാണിത്. 37 പേര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത് (27%). അഞ്ചുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റാരോപിതരാണു പലരുമെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), കേരള ഇലക്ഷന്‍ വാച്ച് എന്നിവയുടെ പഠനത്തില്‍ പറയുന്നു. 2021-ല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരമാണിത്.

സി.പി.എം. നിയമസഭാംഗങ്ങളില്‍ 44 പേര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. കോണ്‍ഗ്രസിന്റെ 20, സി.പി.ഐയുടെ ഏഴ്, മുസ്ലിം ലീഗിന്റെ 12, കേരളാ കോണ്‍ഗ്രസി(എം)ന്റെ മൂന്ന്, മറ്റ് കേരളാ കോണ്‍ഗ്രസുകളുടെ നാല്, ആര്‍.എസ്.പിയുടെയും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെയും ഒന്നുവീതം എം.എല്‍.എമാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. ആറ് സ്വതന്ത്ര എം.എല്‍.എമാരില്‍ നാലുപേരും ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്. നിലവിലെ നിയമസഭയില്‍ 25-50 പ്രായക്കാരായ 40 എം.എല്‍.എമാരുണ്ട്- 29%. 51-80 വയസുകാര്‍ 96 (71%). 52 പേരുടെ വിദ്യാഭ്യാസയോഗ്യത അഞ്ചുമുതല്‍ 12-ാം ക്ലാസ് വരെ-38%. ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ 83 (61%).

Post a Comment

0 Comments