സ്വന്തം ലേഖകൻ
പങ്കാളിത്ത പെൻഷൻ പുനഃപ്പരിശോധനാ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറിയില്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം. പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട് സർവ്വീസ് സംഘടനയായ ജോയിൻറ് കൗൺസിലിന് നൽകാത്ത വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്.
ഹർജി പരിഗണനയിലിരിക്കെ പുനഃപ്പരിശോധനാ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ സർക്കാർ കാണരുതെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അദ്ധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചു. പുനഃപ്പരിശോധനാ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ജോയിന്റ് കൗൺസിൽ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കൽ നൽകുന്ന കാര്യം പരിഗണിക്കാൻ നേരത്തെ കോടതി സംസ്ഥാനത്തിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.
പങ്കാളിത്ത പെൻഷൻ പുനഃപ്പരിശോധനാ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതി പഠിക്കുന്നതിനാൽ പകർപ്പ് നൽകാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം ഉയർന്നത്. ജോയിന്റ് കൗണ്‍സിലിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ , അഭിഭാഷകരായ മുഹമ്മദ് സാദിഖ്, എബ്രഹാം സി മാത്യൂസ്, ആലിം അന്‍വര്‍ എന്നിവർ ഹാജരായി.
0 Comments