banner

'മറുപടി നൽകുക മാത്രമാണ് ചെയ്തത്';മൂന്നാർ ദൗത്യത്തെച്ചൊല്ലി സിപിഐയുമായുള്ള ചേരി പോരിൽ സിപിഐഎം


സ്വന്തം ലേഖകൻ
തൊടുപുഴ : മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐ, സിപിഐഎം പ്രാദേശിക ഘടകങ്ങൾ പരസ്പരം പഴിചാരി നോട്ടീസ് പുറത്തിറക്കിയതിൽ വിശദീകരണവുമായി സിപിഐഎം ജില്ലാ നേതൃത്വം. സിപിഐ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തത്. കയ്യേറ്റം ഒഴിപ്പിക്കലിൽ സിപിഐക്കും സിപിഐഎമ്മിനും ഒരു നിലപാടാണ് ഉള്ളതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി റിപ്പോർട്ടറോട് പറഞ്ഞു.

മൂന്നാർ മിഷനുമായി ബന്ധപ്പെട്ട് ദേവികുളത്ത് സിപിഐയുടെയും സിപിഎമ്മിന്റെയും പ്രവർത്തകരുടെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതിനു ശേഷം ഉടലെടുത്ത സിപിഐ- സിപിഐഎം ചേരി പോര് പരസ്യമായ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സിപിഎമ്മിനെ വിമർശിച്ച സിപിഐയും സിപിഐയെ വിമർശിച്ച് സിപിഐഎമ്മും ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നോട്ടീസുകളും പുറത്തിറക്കിയിരുന്നു. ഇത് വിവാദമായി മാറിയതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയത്. സിപിഐയും സിപിഎമ്മും തമ്മിൽ ഒരു ധാരണ കുറവുമില്ല. കയ്യേറ്റം ഒഴിപ്പിക്കലിൽ ഒറ്റ നിലപാടാണ് ഉള്ളത്. സിപിഐ പ്രാദേശിക നേതൃത്വം തെറ്റായ പ്രചാരണം നടത്തിയതിന് മറുപടി പറയുക മാത്രമാണ് ഉണ്ടായതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി പറഞ്ഞു.

നിലവിൽ ഉണ്ടായ വിഷയം സിപിഐ സിപിഐഎം തർക്കമായി കാണേണ്ടതില്ല. മറുപടി പറയേണ്ട വിഷയങ്ങളിൽ മറുപടി നൽകും. ആ വിഷയം അവസാനിച്ചുവെന്നും സിപിഐയും സിപിഐഎമ്മും തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങൾ പറഞ്ഞു പരിഹരിച്ചുവെന്നും കെ വി ശശി പറഞ്ഞു. അതേസമയം വിഷയത്തിൽ സിപിഐ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments