banner

പരീക്ഷയില്‍ തോറ്റത് പറയാതെ സ്ഥാനാര്‍ത്ഥിയായി!, എസ്എഫ്‌ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി ഹൈക്കോടതി, നടപടി കെഎസ്‌യു പ്രവർത്തകരുടെ ഹർജ്ജിയെത്തുടർന്ന്


സ്വന്തം ലേഖകൻ
കൊച്ചി : പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ച എസ്എഫ്‌ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ച എസ്എഫ്‌ഐ നേതാവ് എസ്എം ആദര്‍ശിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഹൈക്കോടതി റദ്ദാക്കിയത്.

പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ച് ആദര്‍ശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഉത്തരവ്. എസ്എം ആദര്‍ശ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ പാസായിരുന്നില്ലായെന്നാണ് പരാതി. യൂണിവേഴ്‌സിറ്റി തടഞ്ഞുവെച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പരിശോധിക്കാന്‍ നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധനാ സമയത്ത് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

ഈ ആവശ്യം ബന്ധപ്പെട്ടവര്‍ അംഗീകരിക്കാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ആദര്‍ശ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. റോഷിന്‍ റഷീദ്, വൈഷ്ണ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

Post a Comment

0 Comments