സ്വന്തം ലേഖകൻ
ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി ജീവനൊടുക്കി. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയില്‍ ഇടുക്കി സ്വദേശി അബില്‍ അബ്രഹാം (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസ് (20) എന്നിവരാണ് തീ കൊളുത്തി മരിച്ചത്. അബിലും സൗമിനിയും കഴിഞ്ഞ കുറച്ചു മാസങ്ങളായി ദൊഡ്ഡഗുബ്ബിയിലെ ഫ്‌ലാറ്റില്‍ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.
സൗമിനി ദാസ് വിവാഹിതയായിരുന്നു. ഇവരുടെ ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ദൊഡ്ഡഗുബ്ബിയിലെ ഫ്‌ലാറ്റില്‍ ഇരുവരും പരസ്പരം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീകൊളുത്തിയതിന് ശേഷം ഇരുവരുടെയും നിലവിളി കേട്ട് ഇവരുടെ ഫ്‌ലാറ്റിലെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും തീ അണക്കുന്നതിന് മുമ്ബ് തന്നെ സൗമിനി മരിച്ചിരുന്നു.
അബിലിനെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണകാരണം കണ്ടെത്താന്‍ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ഇരുവരുടെയും മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments