banner

മൂവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകം : പ്രതിയെന്നു പോലീസ്‌ സംശയിക്കുന്ന ആള്‍ ഒഡീഷയില്‍ പിടിയില്‍

സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: അടൂപറമ്പ്‌ മരമില്ലിലെ രണ്ട്‌ അതിഥിത്തൊഴിലാളികെള കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു പോലീസ്‌ കരുതുന്ന ഗോപാല്‍ മാലിക്‌ ഒഡീഷയില്‍ റെയില്‍വേ പോലീസിന്റെ പിടിയിലായി. ഇന്നലെ പുലര്‍ച്ചെ റെയഗുഡ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍നിന്ന്‌ ആര്‍.പി.എഫും ഒഡീഷ പോലീസും ചേര്‍ന്നാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. പിന്നീട്‌ മുനിഗുഡ പോലീസ്‌ സ്‌റ്റേഷനിലേക്കു മാറ്റി. കേരളത്തില്‍നിന്നുള്ള പോലീസ്‌ സംഘം എത്തുന്ന മുറയ്‌ക്കു കോടതിയില്‍ ഹാജരാക്കിയശേഷം കൈമാറും.

നാലിനു രാത്രിയാണ്‌ മരങ്ങാട്ട്‌ സോമില്ലിനു സമീപമുള്ള വാസസ്‌ഥലത്ത്‌ അസം സ്വദേശികളായ മോഹന്ത സ്വര്‍ഗിയാരി (40), ദീപാങ്കര്‍ ബസുമ്മ (37) എന്നിവര്‍ കൊല്ലപ്പെട്ടത്‌. അഞ്ചിന്‌ ഉച്ചകഴിഞ്ഞ്‌ 2.30 നാണ്‌ അരുംകൊല പുറംലോകമറിയുന്നത്‌. തുടര്‍ന്നു മൂവാറ്റുപുഴ പോലീസ്‌ സ്‌ഥലത്ത്‌ നടത്തിയ പരിശോധനയില്‍ ഇതേ മില്ലിലെ തൊഴിലാളിയായ ഇതര സംസ്‌ഥാനക്കാരനായ സന്തോഷിനെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്‌തതോടെ, കൊല്ലപ്പെട്ട രണ്ടു പേരോടൊപ്പം താനും ഗോപാല്‍ മാലിക്കും സംഭവദിവസം രാത്രി 10 വരെ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചു. താന്‍ പോയശേഷവും ഗോപാല്‍ അവിടെ ഉണ്ടായിരുന്നെന്നും പിന്നീട്‌ ഇയാളെ കണ്ടിട്ടില്ലെന്നുമായിരുന്നു സന്തോഷിന്റെ മൊഴി. 

ഇതോടെ അന്വേഷണസംഘം ഗോപാല്‍ മാലിക്കിന്റെ ചിത്രവും മറ്റു വിവരങ്ങളും ഒഡീഷ പോലീസിനും റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്‌സിനും കൈമാറി. ഗോപാല്‍ അഞ്ചിനു പുലര്‍ച്ചെ ട്രെയിന്‍ മാര്‍ഗം ഒഡീഷയിലേക്ക്‌ പോയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ആറിനു പുലര്‍ച്ചെ മൂവാറ്റുപുഴ സ്‌റ്റേഷനില്‍നിന്നുള്ള നാലംഗ അന്വേഷണസംഘം റോഡ്‌ മാര്‍ഗം ഒഡീഷയിലേക്കു തിരിച്ചു. ഈ സംഘം എത്തുന്നതിനു മുമ്പുതന്നെ ഗോപാല്‍ മാലിക്ക്‌ റെയില്‍വേ പോലീസിന്റെ കസ്‌റ്റഡിയിലായി. ഇന്നലെ രാത്രി പത്തോടെ മൂവാറ്റുപുഴയില്‍നിന്നുള്ള പോലീസ്‌ സംഘം മുനിഗുഡ പോലീസ്‌ സ്‌റ്റേഷനിലെത്തി.
അതിനിടെ, മൃതദേഹങ്ങള്‍ പോലീസ്‌ സര്‍ജന്റെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. അതിനുശേഷം വിമാനമാര്‍ഗം സ്വദേശത്തേക്കു കൊണ്ടുപോയി. കേരളത്തില്‍ തൊഴിലെടുക്കുന്ന രണ്ടു ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു.

പോലീസിന്‌ കടമ്പകള്‍ ഏറെ

മൂവാറ്റുപുഴ : ഇരട്ടക്കൊലക്കേസില്‍ ആശ്വാസമായി ഗോപാല്‍ മാലിക്കിനെ കണ്ടെത്തിയെങ്കിലും പോലീസിനു മുന്നില്‍ കടമ്പകളേറെ. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്‌ത്രീയ പരിശോധനയിലൂടെമാത്രമേ പ്രതി ആരെന്നു വ്യക്‌തത വരുത്താനാകൂ. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ്‌ പോലീസ്‌. കോടാലിയോ വലിപ്പം കൂടിയ കത്തിയോ ഉപയോഗിച്ചാവാം കൊലപാതകമെന്ന നിഗമനമാണ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍. ആയുധം കണ്ടെടുക്കലാണ്‌ പ്രധാന കടമ്പ. കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും കണ്ടെത്തണം.
പിടിയിലായ ഗോപാല്‍ മുമ്പ്‌ ഈ തടിമില്ലില്‍ ജോലി ചെയ്‌തിരുന്നു. ഏതാനും വര്‍ഷം മുമ്പ്‌ ഇവിടെനിന്നു പോയി. പിന്നീട്‌ മില്ലില്‍ ജോലിക്കാരുടെ കുറവുണ്ടായതോടെ മറ്റൊരു അതിഥിത്തൊഴിലാളിയാണ്‌ മടക്കിക്കൊണ്ടുവന്നത്‌.

Post a Comment

0 Comments