banner

13 അവശ്യ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാമെന്ന എല്‍.ഡി.എഫ് യോഗത്തിലെ തീരുമാനം!, വിലവർധന നവകേരള സദസിന് ശേഷമെന്ന് സൂചന, ഇപ്പോൾ ​നടപ്പാക്കിയാൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുവാനാകില്ലെന്ന് വിലയിരുത്തൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് സബ്സിഡി നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില നവകേരള സദസ്സിനുശേഷം മാത്രമേ വർധിക്കൂ എന്ന് സൂചന. അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിൽ ധാരണയായെങ്കിലും നവകേരള സദസ്സിനുശേഷം മാത്രമേ ഇത് നടപ്പാക്കാവൂ എന്ന് ധാരണയായതായാണ് സൂചന. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ നവകേരളസദസ്സ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ അവശ്യസാധനങ്ങളുടെ വിലകൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. അതിനാലാണ് വിലവർധന കുറച്ചുദിവസത്തേക്ക് നീട്ടിയത്. പുതിയ വിലയും അത് വർധിപ്പിക്കേണ്ട സമയവും സംബന്ധിച്ച് നിർദേശം സമർപ്പിക്കാൻ മന്ത്രി ജി ആർ അനിലിനെ ചുമതലപ്പെടുത്തി.

13 അവശ്യ സാധനങ്ങൾക്ക് വില കൂട്ടാമെന്നാണ് എല്‍ ഡി എഫ് യോഗത്തില്‍ തത്വത്തില്‍ അംഗീകാരമായത്. ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി, വന്‍പയര്‍, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സാധനങ്ങള്‍ക്ക് വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോള്‍ വിലകൂട്ടുന്നത്. എത്ര കൂട്ടണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് എൽഡിഎഫ് യോഗത്തിന്‍റെ തീരുമാനം.

എന്നാല്‍ വില കൂട്ടലല്ല സബ്സിഡി പരിഷ്കരണമാണ് നടപ്പിലാക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ തന്നെ സാധനങ്ങള്‍ ലഭ്യമാക്കും. മാര്‍ക്കറ്റിലെ വില വര്‍ധന ഫലപ്രദമായി പിടിച്ചു നിര്‍ത്തുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍ ഇങ്ങനെ ഫലപ്രദമായി വിപണിയില്‍ ഇടപെടുന്ന സ്ഥാപനമായി സപ്ലൈകോയ്ക്ക് നിലനില്‍ക്കണമെങ്കില്‍ കാലോചിതമായ ചില പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പിക്കാതെ, ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രമായി സപ്ലൈകോയെ നിലനിര്‍ത്തികൊണ്ടാവും സബ്‌സിഡി തുകയിലെ പരിഷ്‌കരണം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതിലൂടെ പ്രതിമാസം 50 കോടിയുടെ അധിക ബാധ്യത സഹിക്കേണ്ടി വരുന്ന സപ്ലൈകോയെ രക്ഷിക്കാൻ മറ്റ് മാർഗ്ഗം ഇല്ലെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം. സബ്സിഡി സാധനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിന് കത്ത് നൽകിയിരുന്നു.

Post a Comment

0 Comments