banner

പ്രശസ്ത സിനിമാ, മിമിക്രി താരം കലാഭവന്‍ ഹനീഫ് വിടവാങ്ങി!, അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ, നിറഞ്ഞാടിയത് മലയാളത്തിലെ 150 ലധികം ചിത്രങ്ങളിൽ


സ്വന്തം ലേഖകൻ
കൊച്ചി : പ്രശസ്ത സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150 ലധികം  ചിത്രങ്ങളിലും അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു.

സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായിരുന്നു.പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനില്‍ എത്തിച്ചത്. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി.

1990ല്‍ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2001ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വേഷങ്ങളായിരുന്നു.

'കോമഡിയും മിമിക്‌സും പിന്നെ ഞാനും' അടക്കം പല ടെലിവിഷന്‍ ഷോകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളില്‍ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.
ഭാര്യ: വാഹിദ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.

Post a Comment

0 Comments