സ്വന്തം ലേഖകൻ
കായംകുളം : നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ കഴിഞ്ഞ മൂന്നുവർഷമായി ചെലവഴിക്കുന്ന തുകക്ക് വ്യക്തമായ രേഖകൾ ഇല്ലാത്തതിനെച്ചൊല്ലി വിവാദം. നഗരസഭ ഫണ്ടിൽനിന്ന് നൽകിയ പണത്തിന് രേഖകൾ ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയതോടെ ബന്ധപ്പെട്ടവർ വെട്ടിലായിരിക്കുകയാണ്.
ആട്, പശുക്കിടാവ്, തൊഴുത്ത് നിർമാണം, കാലിത്തീറ്റ തുടങ്ങി നഗരത്തിലെ ഗുണഭോക്താക്കൾക്കുള്ള പദ്ധതികൾ മൃഗാശുപത്രി വഴിയാണ് നടപ്പാക്കുന്നത്. ഇവ ആർക്കൊക്കെ നൽകിയെന്ന ചോദ്യത്തിനാണ് ഉത്തരംമുട്ടിയിരിക്കുന്നത്. അനർഹർക്ക് വഴിവിട്ട നിലയിലുള്ള വിതരണവും അഴിമതിയുമാണ് രേഖകൾ ഇല്ലാതിരിക്കാൻ കാരണമെന്നാണ് ആക്ഷേപം.
വാർഡ് സഭകളിൽനിന്നുള്ള നിർദേശത്തിൽ നിന്നാണ് ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കേണ്ടത്. ഇതിൽ ചെലവഴിച്ച തുകയുടെ കണക്കും ലഭ്യമാക്കിയ ഗുണഭോക്താക്കളുടെ വിവരങ്ങളും നഗരസഭയിൽ സൂക്ഷിക്കേണ്ടതാണ്. എന്നാൽ, വ്യാപകമായ നിലയിൽ അഴിമതിയും കുഴപ്പങ്ങളും ഉള്ളതിനാലാണ് ലിസ്റ്റും കണക്കും പുറത്തുവിടാത്തതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ പറഞ്ഞു.
ഭരണപക്ഷ ഗൂഢാലോചനയുടെ ഫലമായാണ് വിവരാവകാശ നിയമ ചോദ്യങ്ങൾക്ക് മറുപടി തരാൻ തയാറാകാതിരുന്നത്. ലിസ്റ്റില്ലെന്നും പരിശോധിച്ചു വരുകയാണെന്നും കിട്ടിയാൽ തരാമെന്നുമുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്. അഴിമതിക്കൊള്ളക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാർലമെന്ററി പാർട്ടി തീരുമാനിച്ചെന്നും ബാഷ വ്യക്തമാക്കി.
ഉദ്യോഗസ്ഥർ നടത്തുന്നത് നാടകമാണെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ പറഞ്ഞു. വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഈ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനുള്ള തുകയും നഗരസഭയാണ് പദ്ധതി വിഹിതത്തിൽനിന്ന് നൽകുന്നത്. വാർഡ് സഭകളിൽനിന്ന് വരുന്ന നിർദേശപ്രകാരമാണ് ഓരോ ആനുകൂല്യങ്ങൾക്കുമുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
0 Comments