banner

പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തണോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം, കെ സുധാകരന് മറുപടിയില്ല ; എം കെ മുനീർ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സഹകരിക്കുന്നതിൽ വിയോജിച്ച് എം കെ മുനീർ. അങ്ങനെ ഒരു ആലോചന പാർട്ടി എടുത്തിട്ടില്ല. കൂടിയാലോചനയിലൂടെ മാത്രമേ പാർട്ടി തീരുമാനമെടുക്കൂ. പാർട്ടി നേതാക്കളുമായി ആലോചിച്ചിട്ട് തീരുമാനം അറിയിക്കും. എന്റെ തീരുമാനം പാർട്ടിക്ക് അകത്ത് പറയേണ്ടതാണ്. അത് പാർട്ടിക്കുള്ളിൽ പറയും. ഞാൻ പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും. പാർട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നത് ഇക്കാര്യത്തിൽ പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും.

പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തണോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഐഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീർ വ്യക്തമാക്കി. പാർട്ടി ആലോചനാ യോഗം നടത്തിയില്ല. പാർട്ടിയിൽ ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ല. കെ സുധാകരന് മറുപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം ലീഗെന്നും യുഡിഎഫിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. സിപിഐഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ സദസ്സിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും എംകെ മുനീർ പറഞ്ഞു. പൊതുപരിപാടി കോൺഗ്രസ്‌ തീരുമാനിക്കേണ്ടതാണ്. വ്യക്തിപരമായ തീരുമാനം അല്ല ഇവിടെ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീൻ വിഷയമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments