സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം. മദ്യപിച്ച് ഡാന്‍സ് ചെയ്ത സംഘം പോലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു.
കല്ലെറിഞ്ഞ സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ വെളളിയാഴ്ചയും മാനവീയം വീഥിയില്‍ നൈറ്റ് ലൈഫില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ രാരതി 12 മണിക്ക് ശേഷം മൈക്ക് ഓഫ് ചെയ്യാന്‍ മ്യൂസിയം പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അനുസരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ പോലീസിന് നേര്‍ക്ക് ചിലര്‍ കസേരയെറിഞ്ഞു.
തുടര്‍ന്ന് വീണ്ടും പോലീസ് ഇടപെട്ടതോടെ ഒരു സംഘം പോലീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റ സ്ത്രീയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനവീയം വീഥിയിലെ തുടര്‍ സംഘര്‍ഷങ്ങള്‍ പോലീസിന് തലവേദയായി മാറിയിട്ടുണ്ട്.
0 Comments