banner

നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം!, കേസെടുത്തത് 60ഓളം പേർക്കെതിരെ, നേതാക്കൾ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കോൺട്രാക്ടർ


സ്വന്തം ലേഖകൻ
ആലപ്പുഴ : നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി കരാറുകാരൻ. സമര നേതാക്കളിൽ ചിലർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കരാറുകാരൻ രൂപേഷ് ജി പറഞ്ഞു. സമരത്തിന് മുന്നിൽ നിന്ന ആള് തന്നെ ഇതേ സ്ഥലത്തെ മണ്ണെടുക്കാൻ കരാർ എടുത്തിരുന്നുവെന്നും രൂപേഷ പറഞ്ഞു. ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് തങ്ങൾ മണ്ണെടുപ്പ് നടത്തുന്നത്. 23 ലക്ഷം രൂപ സർക്കാരിൽ അടച്ചിരുന്നു. നിയമങ്ങൾ പാലിച്ച് ഹൈവേ നിർമ്മാണത്തിനായാണ് മണ്ണെടുക്കുന്നതെന്നും രൂപേഷ് വ്യക്തമാക്കി.

നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറനാട് മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധത്തിൽ നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയ നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുകയാണ്. നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നടക്കുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധം നടത്തിയത്. കായംകുളം-പുനലൂർ റോഡിലായിരുന്നു പ്രതിഷേധം. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ ഉൾപ്പടെയുളളവർ പങ്കെടുത്തിരുന്നു.

നേരത്തെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടയിലും പൊലീസ് ലാത്തി വീശുകയും സ്ത്രീകൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.

Post a Comment

0 Comments