സ്വന്തം ലേഖകൻ
കാസര്‍കോട് : കാസർകോട് സ്‌പെഷ്യൽ സ്‌ക്വാഡ് എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എയും സംഘവും ചേർന്ന് അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയ വാഹന പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.
സ്വിഫ്റ്റ് കാറിൽ കൊണ്ടുവന്ന 1.038 കിലോഗ്രാം കഞ്ചാവുമായി ബേള സ്വദേശി ഹനീഫ ബി, എടനാട് സ്വദേശി ടയർ ഫൈസൽ എന്ന് വിളിക്കുന്ന ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഹനീഫ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്.
രണ്ടാം പ്രതി ഫൈസൽ, കാപ്പ കുറ്റവാളിയായി ജയിലിൽ കിടന്നിരുന്നയാളാണ്. മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ഇന്നോവ കാറിൽ 10.14 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ട് വന്ന മഞ്ചേശ്വരം ബംബ്രാണ സ്വദേശി മുഹമ്മദ് മുസ്തഫയും എക്സൈസ് പിടിയിലായി.
പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, അഷ്റഫ് സി കെ, സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, സൈബർ സെൽ ഓഫീസർമാരായ പ്രിഷി പി എസ്, നിഖിൽ പവിത്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ എം വി, എക്സൈസ് ഡ്രൈവർമാരായ ക്രിസ്റ്റീൻ. പി. എ, വിജയൻ പി എസ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
0 Comments