banner

കോൺഗ്രസും-ലീഗും രണ്ട് പാർട്ടികൾ!, പ്രശ്നം പരിഹരിക്കാൻ ഇരുപാർട്ടികൾക്കുമറിയാം, തമ്മിൽ ശക്തമായ സഹോദര ബന്ധമാണുളളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ


സ്വന്തം ലേഖകൻ
മലപ്പുറം : മുസ്ലിം ലീ​ഗ് നേതാക്കന്മാരുമായുളള കോൺ​ഗ്രസ് നേതാക്കളുടെ പാണക്കാട്ടെ കൂടിക്കാഴ്ച അവസാനിച്ചു. സൗഹൃദ സന്ദർശനത്തിനാണ് പാണക്കാട് എത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ശക്തമായ ജില്ലയാണ് മലപ്പുറം. കോൺ​ഗ്രസും ലീഗും രണ്ട് പാർട്ടികളാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ തീർക്കാൻ രണ്ട് പാർട്ടികൾക്കും അറിയാം. കോൺഗ്രസും ലീഗും തമ്മിൽ ശക്തമായ സഹോദര ബന്ധമാണുളളതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സിപിഐഎമ്മിന് കൃത്യമായ മറുപടി ലീഗ് നൽകി. അതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. ലീഗ് നടത്തിയ പോലത്തെ മഹാറാലി ലോകത്ത് ആർക്കും നടത്താൻ കഴിയില്ല. പരിപാടി നടത്താൻ ഓരോ പാർട്ടികൾക്കും ഓരോ രീതിയുണ്ട്. ഏകസിവിൽകോഡിൽ കോൺഗ്രസ് വലിയ സെമിനാർ നടത്തിയതാണെന്നും വി ഡി സതീശൻ പറഞ്ഞു.

കോൺ​ഗ്രസ് നേതാക്കൾ പാണക്കാട്ട് വന്നതിൽ സന്തോഷമുണ്ടെന്നും സൗഹൃദ സംഭാഷണത്തിന് വന്നതാണെന്നും മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖ് അലി തങ്ങൾ പറഞ്ഞു. യുഡിഎഫിനെ ശക്തമാക്കാനുള്ള കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തെന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രത്യേക അജണ്ടകൾ വന്നിട്ടില്ല. യുഡിഎഫ് പാർലമെന്റ് തിരെഞ്ഞടുപ്പിനെ ശക്തമായി നേരിടുന്ന കാര്യങ്ങൾ ചർച്ചയായി. കോൺഗ്രസിന്റെ ആഭ്യന്തരകാര്യം കോൺഗ്രസ് നോക്കട്ടെ. പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിന് കഴിയും. ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് പലസ്തീൻ വിഷയത്തിലുള്ള പ്രതിബദ്ധതയെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പാണക്കാട്ട് വച്ച് നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

കോൺഗ്രസ് നേതൃതല കൺവെൻഷനായാണ് നേതാക്കൾ മലപ്പുറത്ത് എത്തിയത്. സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. മലപ്പുറം ജില്ലാ കോൺഗ്രസ് തർക്കത്തിൽ മുസ്ലിം ലീഗിൽ അമർഷം പുകയുന്നതിനിടയിലാണ് കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇന്ന് പാണക്കാട് എത്തുമെന്നാണ് വിവരം.

Post a Comment

0 Comments