ഇൻഷാദ് സജീവ്
തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഗുരുതര പരാതിയുമായി എത്തിയിരിക്കുകയാണ് ഭിന്നശേഷിക്കാർ. പഞ്ചായത്ത് അങ്കണത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ചേർന്ന ഭിന്നശേഷി ഗ്രാമസഭ പ്രഹസനമായിരുന്നെന്നും, ഓരോ ആറുമാസം കൂടുമ്പോഴും ഭിന്നശേഷി ഗ്രാമസഭ നടത്തണമെന്ന് സർക്കാർ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് തെളിവാണ് ഇതെന്നും, ഈ ഭരണസമിതി അധികാരത്തിലെത്തിയിട്ട് മൂന്നുവർഷത്തോളം കഴിഞ്ഞെങ്കിലും ആദ്യ ഗ്രാമസഭയാണ് ഇപ്പോൾ കൂടിയതെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് വികലാംഗരുടെ പരാതി പരിഹാരത്തിനായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. സെമി ജുഡീഷ്യൽ അധികാരം ഉള്ള കമ്മീഷണറേറ്റ് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് വിശ്വാസമെന്ന് പരാതിക്കാർ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.
'കഴിഞ്ഞ ദിവസത്തെ ഭിന്നശേഷി ഗ്രാമസഭയുടെ അറിയിപ്പ് പോലും തീയതി രേഖപ്പെടുത്താത്ത നോട്ടീസ് ആണ് പഞ്ചായത്ത് സെക്രട്ടറി പുറത്തിറക്കിയത്. ഇതിൽ തുടങ്ങിയ അലംഭാവം ഗ്രാമസഭയിലും ഉണ്ടായി. ഭിന്നശേഷി വിഭാഗം ജനങ്ങളുടെ വളരെ പ്രധാന പ്രശ്നങ്ങളിൽ നിന്ന് വഴുതിപ്പോയതോടെ ഗ്രാമസഭ ഒരു പ്രഹസനമായി' തീർന്നതായും ഇവർ ആരോപിക്കുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങൾ പഞ്ചായത്ത് സ്വീകരിക്കാതിരുന്നിട്ട് പോലും ഈ ഗ്രാമസഭയിൽ 84 പേർ പങ്കെടുത്തതായും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനാണ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തതെന്നും പരാതിക്കാർ വ്യക്തമാക്കി.
അവരുടെ വാക്കുകളിങ്ങനെ:
ഗ്രാമസഭയിൽ ഭിന്ന ശേഷിക്കാർക്ക് മതിയായ പ്രാധാന്യം നല്കുന്നതിനെ കുറിച്ച് സംസാരിച്ചു. തനത് ഫണ്ട് കുറവുള്ള പഞ്ചായത്താണ് എന്ന കാരണം പറയുമ്പോഴും മറ്റു മേഖലകളിൽ എല്ലാം ചെലവഴിക്കാൻ പൈസ നീക്കിവെക്കുന്നുണ്ട്. എന്നാൽ ഭിന്നശേഷിക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നൽകുന്ന, സർക്കാർ ഉത്തരവ് പ്രകാരമുള്ള സ്കോളർഷിപ്പ് തുകയായ 28,500 രൂപ ഒരു വിദ്യാർത്ഥിക്ക് പോലും നാളിതുവരെ ഈ പഞ്ചായത്തിൽ നിന്നും കിട്ടിയിട്ടില്ല. ഭിന്നശേഷിക്കാർക്കായി ഒരു പദ്ധതിയും ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നില്ല. സഹായ ഉപകരണങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. ഈ വിഷയങ്ങൾ ഉന്നയിക്കുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുണ്ട് എന്ന് പറഞ്ഞു കൊണ്ട് അധികൃതർ തലയൂരുകയാണ്. പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് എന്തെങ്കിലും തൊഴിൽ പരിശീലനം നൽകണമെന്നുള്ളതും ഈ ഭിന്ന ശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക് ഒരു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്നുള്ളതും ഞങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യമാണ്. നിർഭാഗ്യമെന്ന് പറയട്ടെ,
ഇന്നുവരെയും നടപ്പാക്കിയിട്ടില്ല.
ഈയൊരു വിഭാഗം എവിടെയും അവഗണന നേരിട്ടു കൊണ്ടിരിക്കുകയാണ്.
18 വയസിന് താഴെയുള്ള കുട്ടികൾക്ക് കാരുണ്യപദ്ധതി പ്രകാരമുള്ള മെഡിസിൻ ഇപ്പോ കിട്ടുന്നില്ല. ഇത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുത്ത് കൊണ്ട് പാലിയേറ്റീവ് കെയറിൽ ഉൾപ്പെടുത്തി നല്കണമെന്ന സർക്കാർ ഉത്തരവ് ഇവിടെ പാലിച്ചിട്ടില്ല. ചുരുക്കം പറഞ്ഞാൽ ഭിന്നശേഷി ഗ്രാമസഭ തന്നെ ഒരു പ്രഹസനം ആയിരുന്നു. തുടർന്നാണ് പരാതി നൽകാൻ ആഗ്രഹിക്കുന്നത്.
0 Comments