സ്വന്തം ലേഖകൻ
ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി. ഫിറ്റ്‌നെസ് ട്രെയ്‌നറും ദീര്‍ഘകാല സുഹൃത്തുമായ നുപൂര്‍ ശിഖരെയാണു വരന്‍. മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ജനുവരി 3ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇറ നേരത്തെ പറഞ്ഞിരുന്നു. ‘ഇത് ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസമാണ്’ എന്നായിരുന്നു ഇറ വിവാഹ തീയതി പങ്കുവച്ച് പറഞ്ഞത്.
ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരണ്‍ റാവുവിന്റെയും കുടുംബങ്ങള്‍ ചടങ്ങിന് എത്തിയിരുന്നു. മുന്‍ ഭാര്യ റീന ദത്തയുടെ വസതിയില്‍ നടന്ന വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ആമിറും ഭാഗമായിരുന്നു. റജിസ്റ്റര്‍ വിവാഹത്തിന് ശേഷമാണ് വിവാഹചടങ്ങുകള്‍ ആരംഭിച്ചത്.
ആമിര്‍ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഇറ ഖാന്‍. ജുനൈദ് ഖാന്‍ എന്നൊരു മകനും കൂടി ഇവര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം നുപൂര്‍ ശിഖരെയുടെ വീട്ടില്‍ മഹാരാഷ്ട്ര ആചാര പ്രകാരമുള്ള കേള്‍വന്‍ ആഘോഷങ്ങള്‍ നടന്നിരുന്നു. പരിപാടിയില്‍ ഇറയും പങ്കെടുത്തു.
അതേസമയം, മകളുടെ ചടങ്ങള്‍ക്ക് ആമിറും റീനയും ഒന്നിച്ച് എത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞിട്ട് 21 വര്‍ഷമായി. 1986ല്‍ വിവാഹിതരായ ആമിറും റീനയും 2002ല്‍ ആയിരുന്നു വിവാഹമോചിതരായത്. എങ്കിലും ആവശ്യഘട്ടങ്ങളില്‍ ഇരുവരും ഒന്നിച്ച് എത്താറുണ്ട്.
0 Comments