സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവല്ലത്ത് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിലെ വിവരങ്ങൾ പ്രതികൽക്ക് ചോർത്തി നൽകിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കടയ്‌ക്കൽ പോലീസ് സ്‌റ്റേഷനിലെ സിപിഒ ഉദ്യോഗസ്ഥൻ ഓ. നവാസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ഷാജി(23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥനെതിരെ തിരുവല്ലം സിഐ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്ന കാരണത്താൽ ഇയാൾക്കെതിരെ നടപടിയെടുത്തത്.
ഡിസംബർ 26-ന് വൈകിട്ടാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി. എന്നാൽ, ഷഹാനയുടെ മരണത്തിന് പിന്നാലെ ഭർത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവിൽ പോയിരുന്നു.
ഇവർക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരുടെ ബന്ധുകൂടിയായ ഇയാൾ പോലീസിന്റെ നീക്കങ്ങൾ പ്രതികൾക്ക് ചോർത്തി നൽകിയത്. പോലീസ് ഇവരെ പിന്തുടരുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് നവാസ് പ്രതികൾക്ക് ചോർത്തി നൽകിയത്. തുടർന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവല്ലം സിഐ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
0 Comments