സ്വന്തം ലേഖകൻ
കൊച്ചി : നവകേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂർ സ്വദേശി അർച്ചന. അന്യായമായി തടവിൽ വെച്ചത് ഏഴ് മണിക്കൂർ. പിന്നാലെ നഷ്ടപരിഹാരം ഹൈക്കോടതിയെ സമീപിച്ച് അർച്ചന. ഹർജി ഒരാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ 18-നാണ് സംഭവം. കൊല്ലം രണ്ടാലുംമൂട് ജംഗ്ഷനിലൂടെ കടന്നുപോകുമ്പോൾ ഭർതൃമാതാവ് അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു അർച്ചന. എന്നാൽ പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരം ലഭിച്ചതിനെ തുടർന്ന് കൊല്ലം കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏഴ് മണിക്കൂറോളമാണ് ഹർജിക്കാരിയെ കസ്റ്റഡിയിൽ വെച്ചത്.
താൻ ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിന് നഷ്ടപരിഹാരം നൽകണമെന്നതാണ് ഹർജിക്കാരിയുടെ ആവശ്യം. ഭർത്താവ് രാഷ്‌ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്ന് ഹർജിയിൽ ചോദിക്കുന്നു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പോലീസ് കേട്ടില്ലെന്നും അർച്ചന ഹർജിയിൽ ആരോപിക്കുന്നു.
0 Comments