banner

കൊല്ലത്ത് സ്വകാര്യ ലോഡ്ജിൽ ന്യൂ ഇയർ ആഘോഷിക്കുന്നതിനിടെ വാക്കുതർക്കം!, കടപ്പാക്കട പ്രതിഭ റെസിഡിൻസിയിലെ കത്തിക്കുത്തിൽ ഹോട്ടൽ മാനേജർക്ക് നെഞ്ചിനും കഴുത്തിനും ഗുരുതര പരിക്ക്, യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
കൊല്ലം : ന്യൂ ഇയർ ആഘോഷിക്കാനെത്തിയ യുവാക്കൾ മദ്യ ലഹരിയിൽ ഹോട്ടൽ മാനേജരെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തൃക്കരുവ സ്വദേശി ഗോകുൽ (26), പനയം സ്വദേശികളായ ജയറാം (32), റിച്ചു (25), രാജ്‍കുമാര്‍ (30) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. പിടിയിലായ ഗോകുൽ ജില്ലയിലെ യുവമോർച്ച നേതാക്കളിൽ ഒരാളാണ്. മറ്റുള്ളവർ യുവമോർച്ച സജീവ പ്രവർത്തകരാണ്. കേസിൽ പ്രതി ചേർത്ത മറ്റ് രണ്ടുപേര്‍ ഒളിവിലാണ്.

കടപ്പാക്കട പ്രതിഭ ജങ്ഷനിലെ പ്രതിഭ റെസിഡിൻസിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു. ഇവിടെ ന്യൂ ഇയർ ആഘോഷിക്കുന്നതിനായി പ്രതികളിൽ 5 പേര്‍ ചേർന്ന് മുറിയെടുത്തു. അഞ്ചുപേരെ കൂടാതെ മറ്റാളുകൾ മുറിയിലേക്ക് എത്തിയതോടെ ഒരു മുറിയിൽ ഇത്രയധികം പേർ പറ്റില്ലെന്നും പുതിയ മുറിയെടുക്കണമെന്നും മാനേജര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റൊരു മുറിയെടുത്തെങ്കിലും മദ്യലഹരിയിലായിരുന്ന പ്രതികള്‍ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് വിഷയം അന്വേഷിക്കാനെത്തിയ സ്ഥാപനത്തിൻറെ മാനേജരായ ജിഷ്ണുവിനെ വാക്കുതർക്കത്തിന് ഒടുവിൽ നെഞ്ചിനും കഴുത്തിനും പ്രതികൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 

ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇവിടെ ചികിത്സയിൽ തുടരുകയാണ്.

Post a Comment

0 Comments