എബ്രഹാം തേവള്ളി
കൊല്ലം നഗര ഹൃദയത്തിലെ ആണ്ടാമുക്കത്തെ ഷോപ്പിംഗ് കോംപ്ലെക്സിൻ്റെ പണിപൂർത്തിയാവാത്തതിൽ രൂക്ഷ വിമർശനവുമായി ലോക്കൽ ഫണ്ട് ഓഡിറ്റിംഗ്. 2015ൽ ആരംഭിച്ച പദ്ധതിയാണ് 2023ലും ഇഴഞ്ഞു നീങ്ങുന്നതായി 2022-23ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തിയത്. പദ്ധതിക്കായി ഏകദേശം 12.50 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ ഏകദേശം ഏഴ് കൂടിയോളം രൂപ ഇതിൽ കരാറുകാരന് നൽകി കഴിഞ്ഞു. ഈ വർഷം 72 ലക്ഷത്തോളം രൂപയുടെ ബില്ലു കൂടി അനുവദിച്ചതിലാണ് ഓഡിറ്റ് തുക തടസ്സപ്പെടുത്തിയത്. പദ്ധതി പുരോഗതി ഒന്നും കാണുന്നില്ല എന്നും ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കിയില്ലെന്നും കാണിച്ചാണ് തുക തടസ്സപ്പെടുത്തിയത്. ഇതിനോടൊപ്പം രൂക്ഷവിമർശനമാണ് ഓഡിറ്റ് മുന്നോട്ടുവച്ചത്.
2015 പദ്ധതി ആരംഭിക്കുമ്പോൾ നിയന്ത്രണ ചുമതല കൊല്ലം ഡെവലപ്മെൻറ് അതോറിറ്റി ആയിരുന്നു. എന്നാൽ കരാർ കാലാവധിയായ മൂന്നുവർഷം തീരുന്ന 2018 ലും പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവാതെ വരികയായിരുന്നു. 2017 വികസന അതോറിറ്റി നിർത്തലാക്കിയതോടെ ചാർജ് കോർപ്പറേഷനിലേക്ക് എത്തി പക്ഷേ പഴയ വേഗത പോലുമില്ലാതെയാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. ഈ ഷോപ്പിംഗ് കോംപ്ലക്സിന് ചുറ്റുവട്ടത്തായി ചെറുതും വലുതുമായ നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉണ്ടായെങ്കിലും കോർപ്പറേഷൻ പദ്ധതിക്ക് മാത്രമാണ് ഇഴച്ചിൽ സംഭവിച്ചതെന്ന് ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. നിഷ്ക്രിയത്വം അവസാനിപ്പിച്ച് പദ്ധതി അതിവേഗം പൂർത്തിയാക്കണമെന്നും നഗരസഭാ സമിതി ഇതിന് നേതൃത്വം വഹിക്കണമെന്നും ആയത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഓഡിറ്റ് നിർദ്ദേശിക്കുന്നു.
0 Comments