എ.തുളസീധരക്കുറുപ്പ്
അഷ്ടമുടി : സരോവരം ആയൂർവേദ റിസോർട്ടിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ട് തൃക്കരുവ ഗ്രാമപഞ്ചായത്ത് നൽകിയ കത്ത് കുറ്റക്കാരനെ സഹായിക്കാനെന്ന് പരാതിക്കാരനായ ഇൻഷാദ് സജീവ്. റാംസർ സൈറ്റിൽ ഉൾപ്പെടുത്തി അതീവ ജാഗ്രതയോടെ സംരക്ഷിക്കണമെന്ന് നിരീക്ഷിച്ച കായലാണ് അഷ്ടമുടി കായൽ. ഈ കായലിന് അതിന്റേതായ നിലനിൽപ്പ് തന്നെ ഇത്തരം ആളുകൾ ചോദ്യചിഹ്നത്തിൽ ആക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി കത്ത് പുനർ പരിശോധിക്കണമെന്നും സമയപരിധി നിശ്ചയിച്ച് അടിയന്തരമായി പൊളിച്ചു നീക്കാൻ ആവശ്യപ്പെടണമെന്നും പരാതിക്കാരൻ വ്യക്തമാക്കി. സരോവരം റിസോർട്ടിന് എതിരായ വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് അഷ്ടമുടി ലൈവാണ്.
വ്യക്തമായ സമയപരിധി നിശ്ചയിക്കാതെയാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് ഉടമയ്ക്ക് കത്ത് നൽകിയത്. 'അടിയന്തിരമായി പൊളിച്ച് മാറ്റി ഈ വിവരം പഞ്ചായത്തിനെ അറിയിക്കണം' എന്ന് മാത്രമേ കത്തിൽ പരാമർശമുള്ളു. ഇതോടെ സമയപരിധി സംബന്ധിച്ച് വിവക്ഷയുണ്ടാക്കാൻ കുറ്റക്കാരനെ സഹായിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നതെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. 'കത്ത് വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സി.ആർ.ഇസെഡ്. ചട്ടങ്ങൾ മാത്രമല്ല ബാധകമാകുന്നത്. അടിയന്തിര നടപടി ആവശ്യപ്പെട്ട് കളക്ടറെ സമീപിക്കും. ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നു. അതിന് ചുക്കാൻ പിടിക്കുന്നത് ഏത് രാഷ്ട്രീയക്കാരാണെന്നും ഉദ്യോഗസ്ഥരണെന്നും മാത്രം നോക്കിയാൽ മതി' - പരാതിക്കാരൻ പ്രതികരിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെ ചില കളികൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments