സ്വന്തം ലേഖകൻ
പാദരക്ഷകള്‍ വാങ്ങുമ്പോള്‍ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സുഖപ്രദമായ പാദങ്ങൾക്ക് ചേർന്ന ചെരുപ്പ് ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ ഭാഗം കൂടെയാണ് ധരിക്കുന്ന ചെരിപ്പുകള്‍. പക്ഷേ ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷനേക്കാളുപരി കാലുകളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകണം.
പാദരക്ഷകൾ വാങ്ങാൻ പോകുന്നവർ നടക്കുമ്പോൾ സൗകര്യപ്രദമാണോ, പാദങ്ങൾക്ക് അലങ്കാരമാണോ, ഏതുതരം പ്രവർത്തികളിലേർപ്പെടുമ്പോഴും വേദനയോ ഇറുക്കമോ തോന്നാത്തവയാണോ എന്നിങ്ങനെ കർശനമായ പരിശോധന നടത്തി വേണം ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ.
വിവിധതരം സ്റ്റൈലിലും ഡിസൈനിലുമുള്ള ചെരുപ്പുകളും ഷൂസുകളും വിപണിയിലുണ്ട്. കാഴ്ചയ്‌ക്ക് ഭംഗിയുള്ള ചെരുപ്പുകള്‍ ആരോഗ്യത്തിന് ഇണങ്ങുന്നവയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്‌ക്കൊപ്പം അതിന്‍റെ മെറ്റീരിയല്‍, ഷെയ്‌പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.
എല്ലാവർക്കും ഒരുപോലെ ചേരുന്ന ഒരു പാദരക്ഷ കണ്ടുകിട്ടില്ല. ഓരോരുത്തർക്കും വ്യത്യസ്തമായ അളവും ആവശ്യവുമായിരിക്കും. കൂടാതെ ഒരാളുടെ ശരീരഭാരം, അയാൾ നടക്കുന്ന പ്രതലങ്ങൾ, അയാളുടെ പാദങ്ങളുടെ ആകൃതി എന്നിവയെല്ലാം കണക്കിലെടുത്തുവേണം പാദരക്ഷകൾ നിർമിക്കാൻ.
ചില ബ്രാൻഡുകൾക്ക് ഡിസൈനുകൾ ഉണ്ടായിരിക്കാം, പക്ഷേ അവയ്‌ക്ക് ശരിയായി ഇണങ്ങുന്ന വലുപ്പം ഇല്ലെങ്കിൽ നിങ്ങൾക്ക് പാദരക്ഷകൾ സുഖപ്രദമായി ധരിക്കാൻ കഴിയില്ല.
സ്വന്തം കാലിന്റെ ആകൃതി മനസ്സിലാക്കി, അതിനിണങ്ങുന്ന ചെരുപ്പാണ് വാങ്ങേണ്ടത്. കുറച്ച് നേരമെങ്കിലും ചെരുപ്പിട്ട് നടന്നു നോക്കി പ്രശ്നമില്ലെന്നുറപ്പു വരുത്തുക. ‘രണ്ടു ദിവസം കഴിയുമ്പോ ശരിയാകും’ എന്നു പറയുന്നതു കേട്ട് പാകമില്ലാത്ത ചെരിപ്പ് വാങ്ങരുത്.
രണ്ടു പാദത്തിലും: ചെരുപ്പു വാങ്ങുമ്പോൾ ഒരു പാദത്തിൽ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം രണ്ടു പാദങ്ങൾക്കും തമ്മിൽ വലുപ്പവ്യത്യാസം ഉണ്ടായിരിക്കും. രണ്ടു പാദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങണം.
ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകുന്നേരം തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മധ്യവയസു കഴിഞ്ഞവരിൽ (നീർവീക്കം). അതു കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കാം.
ജോഗിങ്ങിനും നടക്കാനും മറ്റു കായിക വിനോദങ്ങൾക്കുമൊക്കെ ധരിക്കുന്ന ഷൂസുകൾ വാങ്ങുമ്പോൾ അവയുടെ മുൻഭാഗം ഇറുകിയതാവാൻ പാടില്ല. വിരലുകൾക്കു മുമ്പിൽ അൽപം സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. ഒരൽപം അയവുള്ളത് വാങ്ങി ലെയ്സ് പാകത്തിന് മുറുക്കി കെട്ടിയാൽ മതിയാകും.
ഒരേ ചെരിപ്പോ ഷൂവോതന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വെവ്വേറെ പാദരക്ഷകൾ ഉപയോഗിച്ചാൽ ചെരുപ്പ് ശരീരസന്തുലനത്തിൽ വരുത്തുന്ന മാറ്റത്തിന് പരിഹാരമാകും.
പാദസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടവരാണു പ്രമേഹരോഗികൾ. മുറിവുണ്ടാകാതെ പാദങ്ങൾക്കു പൂർണസംരക്ഷണം നൽകുന്നവയാണ് അവർ ധരിക്കേണ്ടത്. പാദത്തിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ മൃദുവായവ വേണം തിരഞ്ഞെടുക്കാൻ.
പുതിയ ചെരുപ്പ് വാങ്ങുമ്പോൾ ഉരഞ്ഞു പൊട്ടുന്നത് ഒരു പതിവ് സംഭവമാണ്. പുതിയ ചെരുപ്പുകൾ അൽപം സമയം വീതം ഒന്നു രണ്ടു ദിവസം ഉപയോഗിച്ച ശേഷം മാത്രം ദീർഘനേര ഉപയോഗത്തിനു ശ്രമിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. അല്ലങ്കിൽ ഉരയുന്ന ഭാഗത്ത് അൽപം ടാൽകം പൗഡർ പുരട്ടിയാൽ ഒരു പരിധിവരെ ഉരഞ്ഞുപൊട്ടൽ ഒഴിവാക്കാനാകും.
സ്ഥിരമായി ഹൈഹീൽസ്, ഫ്ലാറ്റ്സ് ഇവ ഇടുന്നതും നല്ലതല്ല. ശരീരത്തിന്റെ സ്വാഭാവികമായ നിലയ്‌ക്കു പോലും ഇത് മാറ്റം വരുത്തും. സ്ഥിരമായി നിൽക്കുന്നവർ ഒരിഞ്ചു വരെ ഹീൽ ഉള്ള ചെരുപ്പുപയോഗിക്കുന്നതാണ് നല്ലത്.
0 Comments