banner

അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേക്ക് ലൈസൻസ് നൽകിയത് പഞ്ചായത്തിൻ്റെ പിന്നാമ്പുറ വഴികളിലൂടെ!, ഭരണസമിതിയുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് ജനങ്ങളോട് പറഞ്ഞ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീനും അവസാന നിമിഷം ചുവട് മാറ്റി, 27 സെന്റിന് ലൈസൻസ് അപേക്ഷിച്ചതിലൂടെ സ്ഥാപന ഉടമയായ ജർമ്മൻ സ്വദേശിനി സത്യസന്ധയായി, ആശിർവാദിന് തൃക്കരുവ ഗ്രാമപഞ്ചായത്ത് ലൈസൻസ് അനുവദിച്ച അനധികൃത വഴികളിലൂടെ അഷ്ടമുടി ലൈവ്


എ.തുളസീധരക്കുറുപ്പ്
അഷ്ടമുടി : ആശിർവാദ് ഹോംസ്റ്റേയുടെ ലൈസൻസ് അനധികൃതമായി നൽകിയതാണെന്ന് അഷ്ടമുടി ലൈവ് നേരത്തെ തന്നെ വാർത്തകളിലൂടെ പറഞ്ഞിരുന്നു. കയ്യിൽ പണവും അറിയാവുന്ന പത്ത് രാഷ്ട്രീയക്കാരും ഉണ്ടെങ്കിൽ എന്തും നേടാൻ ആകുമെന്ന സ്ഥിതി തൃക്കരുവ ഗ്രാമപഞ്ചായത്തിൽ നേരത്തെ തന്നെയുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടാണ് നാല്പത് സെന്റോളം കായൽ നികത്തിയതായി ആരോപണമുള്ള ആശിർവാദ് ഹോംസ്റ്റേക്ക് യാതൊരു അന്വേഷണങ്ങളുടെ പിൻബലവും ഇല്ലാതെ പഞ്ചായത്ത് വെറുതെയങ്ങ് ലൈസൻസ് അനുവദിച്ചത്. ജർമൻ സ്വദേശിയായ സ്റ്റെല പത്രോസിന്റെ അപേക്ഷയിലാണ് കഴിഞ്ഞ നവംബറിൽ ഹോംസ്റ്റേ പ്രവർത്തിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയത്. നിയമപരമായ രേഖകളിൽ ഉള്ള 27 സെൻ്റ് സ്ഥലത്തിൽ ഹോംസ്റ്റേ പ്രവർത്തിപ്പിക്കുന്നതിനായാണ് ഉടമ ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. രേഖകളിലുള്ളതും ഇല്ലാത്തതുമായ  അറുപത് സെൻ്റിന് മുകളിലുണ്ടെന്ന് യുക്തി ബോധമുള്ള ഏതൊരാൾക്കും മനസ്സിലാകുന്ന സ്ഥലത്താണ് ഹോംസ്റ്റേ പ്രവർത്തിക്കുന്നത്. എന്നാൽ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് അത് മനസ്സിലായില്ല. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പിന്നാമ്പുറ വഴിയിലൂടെ ആശിർവാദ് ഹോംസ്റ്റേക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചതെന്നാണ് ഇതോടെ  വ്യക്തമാകുന്നത്.

പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് കാലങ്ങളായി ജനങ്ങളെ സേവിക്കുന്ന ജനപ്രതികൾക്ക് പോലും ഇത്തരത്തിലുള്ള അനധികൃത സ്ഥാപനം അഷ്ടമുടി പ്രദേശത്ത് പ്രവർത്തിക്കുന്നതായി വിവരം ലഭിക്കുന്നത്. കേട്ടാൽ വലിയ അത്ഭുതം തോന്നും അല്ലേ, പക്ഷേ അതാണ് സത്യം. ഉത്തരവാദിത്തപ്പെട്ട പഞ്ചായത്ത് സെക്രട്ടറി വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയതും ഏകദേശം ഇതേ രൂപത്തിൽ തന്നെയാണ്. നിലവിൽ ലഭ്യമായ രേഖകൾ പ്രകാരം ഏഴു വർഷത്തോളമായി ഈ സ്ഥാപനം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ സ്വകാര്യ വ്യക്തിയുടെ പരാതി ചെല്ലുന്നതുവരെയും ഈ സ്ഥാപനത്തിലേക്ക് എത്തിനോക്കാൻ ഒരു ഉദ്യോഗസ്ഥരും തയ്യാറായില്ല എന്നുള്ളത് ഞെട്ടലോടു കൂടി തന്നെയാണ് അഷ്ടമുടി ലൈവ് തിരിച്ചറിഞ്ഞത്. പിന്നെയാണ് ജർമൻ പണത്തിന്റെ ഓരോ കളികളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങൾ അഷ്ടമുടി ലൈവിന് തെളിവുകളുടെ രൂപത്തിൽ ലഭിച്ചത്. അത്തരത്തിൽ കീശ വീർപ്പിക്കുന്ന രാഷ്ട്രീയക്കാരെ കുറിച്ച് കേട്ടപ്പോഴും ഇത്തരത്തിൽ അനധികൃതമായി ലൈസൻസ് നൽകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.  വർഷങ്ങളായി നികുതിയിനത്തിൽ പഞ്ചായത്തിന് നഷ്ടമുണ്ടാകുന്നു എന്ന് കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിൽ കൂടി ചൂണ്ടിക്കാട്ടിയതാണ്. 

ആദ്യഘട്ടത്തിൽ പഞ്ചായത്തിൽ നിന്നുള്ള പ്രതികരണം ആശിർവാദിന് എതിരെ തന്നെയായിരുന്നു. ആ ഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ഔദ്യോഗികമായി ലഭ്യമായ വിശദീകരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ-യുടേതായിരുന്നു. നിലവിലുള്ള പരാതിയിലെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇതിൽ ഭരണസമിതിയുമായി ആലോചിച്ച ശേഷം മാത്രമാകും നടപടിയുണ്ടാകുകയെന്നും ലൈസൻസ് നൽകേണ്ടതാണെങ്കിൽ നൽകുമെന്നും അല്ലാത്തതാണെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അഷ്ടമുടി ലൈവിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ആശിർവാദ് വിഷയത്തിൽ ഭരണസമിതിയിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. ഇതോടെയാണ് അജ്മീൻ പഞ്ചായത്തിന്റെ ഔദ്യോഗിക വിശദീകരണമായി ഉയർത്തിയ വാദങ്ങളിൽ നിന്ന് പഞ്ചായത്ത് വ്യതിചലിച്ചതായി ഉറപ്പായത്. ആശിർവാദിന് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ പോലും അറിഞ്ഞില്ലെന്നും ഭരണകക്ഷിയിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജനപ്രതിനിധി അഷ്ടമുടി ലൈവിനോട് തുറന്നു പറഞ്ഞിരുന്നു. രാഷ്ട്രീയകക്ഷികൾക്ക് ആശിർവാദ് ഹോംസ്റ്റേയുമായി ബന്ധമുണ്ടെന്നുള്ളത് നഗ്നമായ സത്യമാണ്. സി.പി.ഐയുടെ പാർട്ടി ക്ലാസ് ഉൾപ്പെടെ നടത്തിയതും എസ്ഡിപിഐയുടെ ജില്ലാ നേതൃത്വ സംഗമം നടത്തിയതും ആശിർവാദിൽ വച്ചാണ് എന്നുള്ളതും ഇത്തരം ആരോപണങ്ങൾക്ക് ബലം പകരുന്ന വസ്തുതയാണ്. 

തുടരും

Post a Comment

0 Comments