സ്വന്തം ലേഖകൻ
വിദേശത്തേക്ക് പോകാനുള്ള പണം സമ്പാദിക്കാന്‍ 21–കാരി നടത്തിയ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിച്ച് രാജസ്ഥാന്‍ പൊലീസ്. കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ മധ്യപ്രദേശ് ശിവപുരി സ്വദേശിയായ കാവ്യ ധക്കാടും ആണ്‍സുഹൃത്തുക്കളും ഒരുക്കിയ നാടകമാണ് പൊലീസ് അന്വേഷണത്തില്‍ തകര്‍ന്നത്. വിദേശത്തേക്ക് പോകാനുള്ള 30 ലക്ഷം രൂപ കണ്ടെത്താന്‍ വേണ്ടിയായിരുന്നു യുവതിയുടെയും സുഹൃത്തുക്കളുടെയും നാടകം.
സംഭവത്തെ പറ്റി കോട്ട എസ്‍പി പറയുന്നത് ഇങ്ങനെ, രാജസ്ഥാനിലെ കോട്ടയില്‍ കോച്ചിങിനായെത്തിയ യുവതി ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നു. അമ്മയ്ക്കൊപ്പം എത്തിയ യുവതി അമ്മ മടങ്ങുന്നത് വരെ മൂന്ന് ദിവസം ഹോസ്റ്റലില്‍ താമസിക്കുകയും പിന്നീട് ഇന്‍ഡോറിലേക്ക് മുങ്ങുകയുമായിരുന്നു. ഈ സമയത്തും രാജസ്ഥാനിലെ കോച്ചിങ് കേന്ദ്രത്തിലാണെന്ന് കാണിക്കുന്ന തരത്തില്‍ ചിത്രങ്ങളും സന്ദേശങ്ങളും വീട്ടിലേക്ക് അയച്ച് കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു യുവതി. മാര്‍ച്ച് 18 ന് പിതാവ് രഘുവൂര്‍ ധക്കാദിന് ലഭിച്ച തട്ടിക്കൊണ്ടുപോകല്‍ സന്ദേശത്തോടെയാണ് വിവരം പുറത്തറിയുന്നത്.
യുവതിയെ കെട്ടിയിട്ട തരത്തില്‍ ഫോട്ടോയും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള സന്ദേശവും ഒരു സംഘം വാട്സ് ആപ്പില്‍ കാവ്യയുടെ പിതാവിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം കോട്ട പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിലാണ് തട്ടികൊണ്ടുപോകല്‍ നാടകം പൊളിഞ്ഞത്. മൊബൈല്‍ ഫോണ്‍ പിന്തടുര്‍ന്ന പൊലീസ് യുവതി ഇന്‍ഡോറിലാണുള്ളതെന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടികൊണ്ടുപോകലിന്‍റെ വിശദാംശങ്ങളും ലഭിച്ചു.
മൂന്ന് ദിവസം മാത്രമാണ് കോട്ടയിലെ ഹോസ്റ്റലില്‍ യുവതി താമസിച്ചതെന്നും അമ്മ പോയതിന് പിന്നാലെ ഇന്‍ഡോറിലേക്ക് മാറുകയും ചെയ്തെന്ന് സുഹൃത്ത് മൊഴി നല്‍കി. സുഹൃത്തിനും കാവ്യയ്ക്കും വിദേശത്തേക്ക് പോകാന്‍ പ്ലാനുണ്ടായിരുന്നു. ഇതിനുള്ള പണമില്ലാത്തതിനാലാണ് തട്ടികൊണ്ടുപോകല്‍ പ്ലാന്‍ നടത്തിയതെന്നും സുഹൃത്ത് മൊഴി നല്‍കി. രണ്ട് ആണ്‍ സുഹൃത്തുകള്‍ക്കൊപ്പമാണ് യുവതി ഇന്‍ഡോറില്‍ താമസിച്ചത്. സുഹൃത്തിന്‍റെ റൂമില്‍ നിന്നാണ് തട്ടികൊണ്ടുപോയ ചിത്രങ്ങളെടുത്തത്. മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും മൂവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
0 Comments