banner

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക്, രണ്ടാം ഘട്ടത്തില്‍ പരിഗണിക്കുന്നത് ഏഴ് റൂട്ടുകള്‍; കേരളവും ഇടംപിടിച്ചേക്കും


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളില്‍ ഭാവിയില്‍ കേരളവും ഇടംപിടിച്ചേക്കും. വന്ദേഭാരത് ട്രെയിനുകള്‍ക്കും അതിവേഗ ട്രെയിനുകള്‍ക്കും സംസ്ഥാനത്തെ യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് അനുകൂല ഘടകം. നിലവില്‍ രാജ്യത്ത് ഓടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ തന്നെ ഏറ്റവും സൂപ്പര്‍ഹിറ്റായി ഓടുന്നത് കേരളത്തില്‍ ഓടുന്ന രണ്ട് ട്രെയിനുകളാണ്. സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുന്നതും റെയില്‍വേയുടെ പദ്ധതിയിലുണ്ട്.

കേരളത്തിലെ കെ റെയില്‍ പദ്ധതിയോട് കേന്ദ്രത്തിന് താത്പര്യമുണ്ടായിരുന്നെങ്കിലും ഡിപിആര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ അപര്യാപ്തതയാണ് പദ്ധതി തള്ളാന്‍ കാരണം. മാത്രമല്ല ഏറ്റെടുക്കേണ്ടി വരുന്ന ഭൂമി പോലുള്ള കാര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ പൂര്‍ണമായും റെയില്‍വേയുടെ പദ്ധതിയാണ്. അതുകൊണ്ട് തന്നെ അതില്‍ കെ റെയില്‍ നേരിട്ടത് പോലെയുള്ള വെല്ലുവിളികളുണ്ടാകില്ലെന്നത് അനുകൂല ഘടകമാണ്.

‘റെയില്‍വേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് നല്ല രീതിയിലുള്ള പ്രവര്‍ത്തനവും ആശയവിനിമയവും ആവശ്യമാണ. മറ്റ് രാജ്യങ്ങളില്‍ 1980-കളില്‍ ഓട്ടോമാറ്റിക് ട്രെയ്ന്‍ പ്രൊട്ടക്ഷന്‍ നിലവില്‍ വന്നു. എന്നാല്‍ അന്ന് ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാര്‍ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുവന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ശൃംഖല തന്നെ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഡല്‍ഹി- വാരണസി (813 കി.മീ), ഡല്‍ഹി- അഹമ്മദാബാദ് (878 കി.മീ), മുംബയ്- നാഗ്പൂര്‍ (765 കി.മീ), മുംബയ്- ഹൈദരാബാദ് (671 കി.മീ), ചെന്നൈ- ബംഗളൂരു- മൈസൂര്‍ (435 കി.മീ), ഡല്‍ഹി- ചണ്ഡീഗഢ്- അമൃത്സര്‍ (459 കി.മീ), വാരണസി- ഹൗറ (760 കി.മീ) എന്നിങ്ങനെ ഏഴ് ഇടനാഴികള്‍ നിലവില്‍ പരിഗണനയിലുണ്ടെന്ന് 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക വിദ്യ അതിവേഗം നവീകരിക്കാന്‍ മൂന്ന് കാര്യങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് വൈഷ്ണവ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുക, റെയില്‍വേ സാങ്കേതികവിദ്യയുടെ ഭാവി പരിപാലനത്തിനുള്ള ചിട്ടയായ പദ്ധതി, ഇന്ത്യന്‍ റെയില്‍വേ അരാഷ്ട്രീയവല്‍കരിക്കുക എന്നിവയാണത്. ആധുനികവത്കരണത്തിനും നൂതന സാങ്കേതികവിദ്യക്കുമൊപ്പം സുരക്ഷയും എന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബയ് – അഹമ്മദാബാദ് പാത 2026ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റൈസിംഗ് ഭാരത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ പദ്ധതി 2026 ല്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറ്റുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments