സ്വന്തം ലേഖകൻ
ന്യൂഡൽഹി : കേരളത്തിന്റെ കടമെടുപ്പ് കേന്ദ്ര സർക്കാർ തീരുമാനിക്കേണ്ടെന്നും അതിനുള്ള അധികാരം അവർക്കില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ആളെ പോലെയാണു കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നു കേരളം ആരോപിച്ചു. കടമെടുപ്പു പരിധി വർധനയെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിയമപരമായ അവകാശമാണെന്ന് ആവർത്തിച്ച് വാദമുന്നയിക്കുകയായിരുന്നു കേരളം. എന്നാൽ, സാമ്പത്തിക സൂചകങ്ങളിൽ കേരളം പരിതാപകരമായ അവസ്ഥയിലാണെന്നും അതിരുവിട്ട കടമെടുപ്പിന്റെ സമീപകാല ചരിത്രം കേരളത്തിനുണ്ടെന്നും ആവശ്യത്തെ എതിർത്തുകൊണ്ടു കേന്ദ്ര സർക്കാർ തിരിച്ചടിച്ചു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിർണയിക്കാനുള്ള അധികാരം ധന കമീഷനാണെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കൂട്ടിച്ചേർത്തു. കേരളത്തിന്റെ കടമെടുപ്പ് കേസിലെ അന്തിമവാദത്തിന്റെ ആദ്യദിവസം തങ്ങളുടെ നിലപാട് അവതരിപ്പിക്കുകയായിരുന്നു ഇരുപക്ഷവും.
15ാം ധനകമീഷൻ ശിപാർശപ്രകാരമാണ് 10,000 കോടിയുടെ കടമെടുപ്പിന് അനുമതി തേടിയതെന്ന് സിബൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനക്കമ്മി പരിധിയിലും കുറവാണ്. ധനകമീഷൻ വിദഗ്ധരുടെ ഭരണഘടനാവേദിയാണ്. കേന്ദ്ര സർക്കാറിന് ഈ കമീഷന്റെ ഭരണഘടനാപരമായ അധികാരത്തെ മറികടക്കാനാവില്ല. ധനകമീഷൻ ശിപാർശപ്രകാരം വിപണിയിൽനിന്ന് കടം വാങ്ങാൻ കേരളത്തിന് അധികാരമുണ്ട്. കേന്ദ്ര സർക്കാറിന് അതിന് തടയിടാനാവില്ല. കടം തരുന്നവരാണ് എത്ര വാങ്ങാൻ കേരളത്തിന് കഴിയുമെന്ന് തീരുമാനിക്കേണ്ടത്. ഒരു സംസ്ഥാനം കടമെടുപ്പ് പരിധിയോ അധിക കടമെടുപ്പ് പരിധിയോ പൂർണമായും ഉപയോഗിച്ചില്ലെങ്കിൽ 2025 വരെയുള്ള നാലു വർഷത്തിനുള്ളിൽ അതുംകൂടി എടുക്കാമെന്ന് ധനകമീഷൻ വ്യക്തമാക്കിയതാണ്. കേരളത്തിന് കടത്തിന് അർഹതയുണ്ട്. 24,000 കോടിയാണ് അർഹതപ്പെട്ടത്. അതാണ് ചോദിക്കുന്നത്. എങ്കിലും ഇപ്പോൾ 10,000 കോടി മാത്രമാണ് ആവശ്യപ്പെടുന്നത്.
ഏതെങ്കിലും സംസ്ഥാനം കടമെടുപ്പ് പരിധി ലംഘിച്ച് നിശ്ചിത തുകയിലും കൂടുതൽ കടം വാങ്ങിയാൽ തൊട്ടടുത്ത വർഷം ആ തുകയിൽ കുറവ് വരുത്താമെന്നതാണ് ധന കമീഷൻ വ്യവസ്ഥ. വിദഗ്ധ സമിതിക്കില്ലാത്ത അഭിപ്രായം കേന്ദ്രത്തിന് എവിടെനിന്ന് കിട്ടി? കടത്തിനുള്ള ഉപയോഗിക്കാത്ത അവകാശവും അധിക കടമെടുപ്പിനുള്ള അവകാശവും തമ്മിൽ വ്യത്യാസമില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ ഇല്ലെന്ന് സിബൽ മറുപടി പറഞ്ഞു. കേരളം അന്തിമ വാദം പൂർത്തിയാക്കിയ വ്യാഴാഴ്ച കേന്ദ്രത്തിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വെങ്കിട്ട രാമൻ വാദം തുടങ്ങിവെച്ചു. കേന്ദ്രത്തിന്റെ വാദം വെള്ളിയാഴ്ച തീർത്ത് കേസ് വിധി പറയാൻ മാറ്റിവെച്ചേക്കും.
0 Comments