സ്വന്തം ലേഖകൻ
കാസർകോട് : പാർട്ടി ഗ്രാമമായ പാലായിയിൽ സ്വന്തം പറമ്പിൽ തേങ്ങിയിടുന്നത് സി.പി.എം പ്രാദേശിക നേതാക്കളടക്കം തടഞ്ഞെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാട്ടി കയ്യൂർ സമരസേനാനി എലച്ചി കണ്ണന്റെ പൗത്രി എം.കെ.രാധാമണിയുടെ കുടുംബത്തിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. മൂന്ന് പരാതികളിലായി 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പറമ്പിൽ അതിക്രമിച്ച് കയറൽ, അസഭ്യം വിളിക്കൽ, ഭൂമി കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്.
സി.പി.എം ഊരുവിലക്ക് ഏർപ്പെടുത്തിയെന്നാണ് രാധാമണിയുടേയും കുടുംബത്തിന്റെയും പരാതി. കഴിഞ്ഞ ദിവസം രാധാമണിയുടെ പറമ്പിൽ തേങ്ങയിടാനെത്തിയ തൊഴിലാളികളെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും ചേർന്ന് തടഞ്ഞത് വിവാദമായിരുന്നു. തൊഴിലാളികളെ വിലക്കിയതിനെത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക് തർക്കമുണ്ടായി. സി.പി.എം പ്രാദേശിക നേതാക്കളിൽ ചിലർ വീട്ടമ്മയ്ക്കും മക്കൾക്കുമെതിരെ അസഭ്യവർഷം നടത്തിയെന്നും പരാതിയുണ്ടായിരുന്നു.
സ്ഥലയുടമ രാധയുടെ കൊച്ചുമകൾ, തെങ്ങുകയറ്റ തൊഴിലാളി, അയൽവാസി തുടങ്ങിയവരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ സിപിഎം ബ്രാഞ്ച് അംഗം ഉദയൻ, സിപിഎം പാലായി സെൻട്രൽ ബ്രാഞ്ച് അംഗം പത്മനാഭൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
0 Comments