banner

പഞ്ഞിമിഠായിക്കും ഗോപി മഞ്ചൂരിയനും നിരോധനം!, കൃത്രിമ നിറങ്ങൾ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചത് കർണാടക സർക്കാർ


സ്വന്തം ലേഖകൻ
ബെംഗളൂരു : കൃത്രിമനിറങ്ങൾ ചേർത്ത പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരിശോധനയ്ക്കായി വിവിധ ഭക്ഷണശാലകളിൽ നിന്ന് 171-ഓളം സാംപിളുകളാണ് ശേഖരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചിരുന്നു. അർബുദത്തിന് കാരണമാകുന്ന, വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന റൊഡാമിൻ-ബിയാണ് പഞ്ഞിമിഠായിക്ക് നിറം നൽകാൻ ഉപയോഗിക്കുന്നതെന്ന് ഗിണ്ടിയിലെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം റൊഡാമിന്റെ ഉപയോഗം വിലക്കുന്നുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളിൽ റൊഡാമിൻ ബി ചേർക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.

ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിൻ-ബി, ടാർട്രാസിൻ പോലുള്ളവ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ആരോഗ്യ മന്ത്രാലയം വിൽപന നിരോധിച്ചത്.
ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ ഏഴു വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റസ്റ്ററന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വിൽക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

0 Comments