banner

തലസ്ഥാന നഗരിയിൽ ടിപ്പര്‍ ലോറികള്‍ക്ക് നാലു മണിക്കൂര്‍ പ്രവേശനമില്ല!, നിയന്ത്രണം ചരക്കു വാഹനങ്ങള്‍ക്കും ബാധകം, ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ജില്ലയിൽ ടിപ്പര്‍ ലോറികള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണം. രാവിലെ എട്ടു മുതല്‍ പത്ത് മണി വരെയും, വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു മണി വരെയും നഗരത്തില്‍ ടിപ്പര്‍ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങള്‍ക്കും ഈ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. ടിപ്പര്‍ ലോറി ഇടിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പേരാണ് തലസ്ഥാനത്ത് ജിവന്‍ വെടിഞ്ഞത്. ഇതിനു പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് അപകടത്തില്‍ പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചിരുന്നു. പിന്നാലെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ച് ചാല വെക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ജിഎസ് സുധീറിനും ജീവന്‍ നഷ്ടപ്പെട്ടു.

ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. ടിപ്പറുകള്‍ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്‌സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കുമെന്നും കളക്ടര്‍. 

Post a Comment

0 Comments