banner

പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം!, രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, കേസ് ക്രൈംബ്രാഞ്ച് ഡിവെഎസ്പിക്ക്


സ്വന്തം ലേഖകൻ
മലപ്പുറം : പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. രണ്ട് സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നീ ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും.

പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് കുഴഞ്ഞു വീണ് മരിച്ചത്. പോലീസ് ഇയാളെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം ഗൗരവതരം ആണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

പന്തല്ലൂരിൽ കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ഉൾപ്പെടെ ഏഴു പേരോട് പാണ്ടിക്കാട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയ മൊയ്തീൻ കുട്ടി പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പാണ്ടിക്കാട്ട് സ്വകാര്യ ആശുപത്രിയിൽ മൊയ്തീൻകുട്ടിയെ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം.

മൊയ്‌തീൻകുട്ടിയെ സ്റ്റേഷനിൽ വെച്ച് പോലീസ് മർദിച്ചതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അതേസമയം ഇയാളെ മർദ്ദിച്ചിട്ടില്ല എന്നതാണ് പോലീസിന്റെ വിശദീകരണം. മൊയ്തീൻകുട്ടി ഹൃദ്രോഗി ആയിരുന്നുവെന്നും ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

Post a Comment

0 Comments