banner

കേരളാ ബാങ്കിലെ പണയ സ്വര്‍ണ മോഷണം; മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റിൽ


സ്വന്തം ലേഖകൻ
ചേര്‍ത്തല : കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്ക് മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യു അറസ്റ്റില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാലു ശാഖകളിൽ പണയ സ്വര്‍ണം മോഷണ കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്.

ബാങ്കുകളുടെ ശാഖാ മാനേജര്‍മാര്‍ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. 2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ശാഖകളില്‍ നിന്നു പൊലീസില്‍ പരാതി നല്‍കിയത്. 12ന് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

ചേര്‍ത്തല നടക്കാവ് ശാഖയില്‍ നിന്ന് മാത്രമായി 171.300 ഗ്രാം സ്വര്‍ണം ആണ് നഷ്ടപ്പെട്ടത്. ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അര്‍ത്തുങ്കല്‍ ആറു ഗ്രാമും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കുകളിലെ പണയസ്വര്‍ണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു അറസ്റ്റിലായ മീര മാത്യു.

Post a Comment

0 Comments