സ്വന്തം ലേഖകൻ
കൂട്ടത്തല്ലും വെല്ലുവിളിയും പരാതി പ്രളയവുമായി അലങ്കോലമായ കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല.കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്നും സർവകലാശാല അറിയിച്ചു.
തങ്ങളുടെ പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയിൽ കയറി കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. സംഘർഷത്തിൽ ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്ക് മർദനമേറ്റു. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി.
ഇതിനും പുറമെ, യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാർ ഇവാനിയോസ് കോളേജ് അധികൃതർ ചാൻസലർക്ക് പരാതി നല്‍കി. ഇതുകൂടിയായപ്പോൾ മത്സരങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കലോത്സവങ്ങളും അക്രമ വേദികളാക്കി മാറ്റുന്നത് എസ്എഫ്ഐയാണെന്നും കലോത്സവം താത്കാലികമായി നിർത്തിയത് സ്വാഗതാർഹമാണെന്നും എബിവിപി പ്രതികരിച്ചു.
0 Comments