സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപ്പിടിത്തം. നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് പിറകുവശത്തെ, സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനും ടയറുകള്‍ക്കുമാണ് തീപ്പിടിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
എന്നാൽ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡി.സി.പി. അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, തച്ചമ്പാറയിൽ പൊന്നംകോടിനുസമീപം കല്ലംചോലയിൽ ഫർണിച്ചർ നിർമാണശാലയിലുണ്ടായ തീപ്പിടിത്തത്തിൽ വൻനാശനഷ്ടം.
ഓടും ഷീറ്റും മേഞ്ഞ കെട്ടിടം പൂർണമായി കത്തിയമർന്നു. വീട് നിർമിക്കുന്നതിനുള്ള കട്ടിലകൾ, ജനാലകൾ, ഫർണിച്ചറുകൾ, പ്ലാവ്, തേക്ക് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങൾ, യന്ത്രങ്ങൾ എന്നിവ അഗ്നിക്കിരയായി. 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫർണിച്ചർ നിർമാണശാല ഉടമ പറഞ്ഞു.
തീപിടിത്തത്തെത്തുടർന്ന് സമീപത്തെ വീട്ടിലും നാശനഷ്ടമുണ്ടായി. ജനാലകളും ത്രീഫേസ് ലൈനും വാട്ടർ ടാങ്കും പൈപ്പുകളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
0 Comments