സ്വന്തം ലേഖകൻ
പാലക്കാട് : വൈദ്യുതി വിതരണമേഖല സംബന്ധിച്ച കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ റാങ്കിങ്ങിൽ കെ.എസ്.ഇ.ബിക്ക് കുത്തനെ ഇടിവ്. ബി ഗ്രേഡോടെയുള്ള 20ാം റാങ്കിങ്ങിൽനിന്ന് ബി നെഗറ്റിവോടെയുള്ള 32ാം റാങ്കിലേക്കാണ് താഴ്ന്നത്. രാജ്യത്തെ 53 വൈദ്യുതി വിതരണ ഏജൻസികളുടെ പട്ടികയിലാണ് കെ.എസ്.ഇ.ബിയുടെ ഈ പടിയിറക്കം. വൈദ്യുതി വാങ്ങൽ സംബന്ധിച്ച ഇടപാടുകളും ധനപരമായ വിഷയങ്ങളിലെ കാര്യക്ഷമതയില്ലായ്മയുമാണ് പ്രതികൂലമായി ബാധിച്ചത്.
ഊർജക്ഷാമത്തെത്തുടർന്ന് വൈദ്യുതി കടംവാങ്ങിയ വകയിൽ കെ.എസ്.ഇ.ബിക്ക് യൂനിറ്റിന് 78 പൈസയുടെ വർധനയുണ്ടായതായി കേന്ദ്ര റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം ഒരു യൂനിറ്റ് വൈദ്യുതിയുടെ ഉൽപാദനച്ചെലവും അത് വിൽക്കുമ്പോഴുള്ള അന്തരവും 0.7 പൈസയുടെ ലാഭമാണ് നേടിക്കൊടുത്തത്. എന്നാൽ, അതിനെ അപേക്ഷിച്ച് 42 പൈസയുടെ വ്യത്യാസം വന്നതാണ് ഇക്കഴിഞ്ഞ വർഷം നഷ്ടക്കണക്കുകളിൽ ഇടം പിടിക്കാനിടയാക്കിയത്. കിട്ടാക്കടം വർധിച്ചതും സർക്കാറിൽനിന്ന് ഗ്രാന്റ് കിട്ടാത്തതുമടക്കമുള്ള ധനപരമായ വീഴ്ചകൾ ഊർജമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, കൃത്യസമയത്ത് ബില്ലടക്കുന്നതിലും തിരിച്ചടവിലും മുൻനിരയിൽതന്നെയാണ് കെ.എസ്.ഇ.ബി. പക്ഷേ, 100 മാർക്കിൽ 13 മാർക്ക് മാത്രമേ ഈ ഭാഗത്തിനായി നീക്കിവെക്കുന്നുള്ളൂവെന്നതിനാൽ ധനപരമായ കാര്യക്ഷമതയിലെ വീഴ്ചയാണ് കെ.എസ്.ഇ.ബിയെ പട്ടികയിൽ താഴോട്ട് വലിച്ചത്. എന്നാൽ, വിതരണ നഷ്ടം, ബില്ലിങ്, കലക്ഷൻ ശേഷി എന്നിവയിൽ മുഴുവൻ മാർക്കും കെ.എസ്.ഇ.ബിക്ക് ലഭിച്ചു.
0 Comments