banner

കൊല്ലത്ത് ബസ്സിടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവം!, അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസ്സിൻ്റെ ഡ്രൈവറെ പിരിച്ചുവിട്ടു, നിയമപരമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കൾ


സ്വന്തം ലേഖകൻ
ചടയമം​ഗലം : ബൈക്കിന് പിന്നിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ചടയമം​ഗലം ഡിപ്പോയിലെ ബസ് ഡ്രൈവർ ആർ ബിനുവിനെ ആണ് കോർപ്പറേഷൻ പുറത്താക്കിയത്. ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്ന ആവശ്യവുമായി നിയമപരമായി മുന്നോട്ടുപോകുമെന്ന് മരിച്ച വിദ്യാർത്ഥികളുടെ കുടുംബം അറിയിച്ചു.

കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് നടപടിക്ക് ആസ്പദമായ അപകടമുണ്ടായത്. എംസി റോഡിൽ കുരിയോട് നെട്ടേത്തറയിൽ നടന്ന അപകടത്തിൽ പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തിൽ ‍ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ രഞ്ജിത്ത് ആർ.നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്.

തട്ടത്തുമല വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനിയായിരുന്നു ശിഖ. അഭിജിത് പത്തനംതിട്ട മുസല്യാർ കോളജിലെ ബിസിഎ വിദ്യാർഥിയും. ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നെട്ടേത്തറ കുരിയോട് ഭാഗത്ത് വെച്ചാണ് അതേ ദിശയിൽ പോയ ബൈക്കിൽ ഇടിച്ചത്.

ബസ്സിന്റെ ടയർ തലയിൽ കയറിയിറങ്ങി ശിഖ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ അഭിജിത്തും മരിച്ചു. 20 മിനിറ്റോളം വിദ്യാർത്ഥികൾ റോഡിൽ രക്തം വാർന്ന് കിടന്നുവെന്നും ആശുപത്രിയിൽ എത്തിക്കാൻ അത് വഴി വാഹനത്തിൽ പോയവർ തയ്യാറായില്ലെന്നും ആരോപണം ഉണ്ടായിരുന്നു.

Post a Comment

0 Comments