ഇൻഷാദ് സജീവ്
കൊല്ലം : കൊല്ലത്ത് യുവ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. കൊല്ലം തേവലക്കര വിളയിൽ വീട്ടിൽ ഡോ.ഫിറോഷ് (28) ആണ് ഫെബ്രുവരി 19ന് രാവിലെയോടെ ശാസ്താംകോട്ടയിലെ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ പി.എം.എഫ് - ൽ ചികിത്സയിലിരിക്കെ മരിച്ചത്. മതിയായ ചികിത്സ നൽകിയില്ലെന്നും മരിച്ച ഉടനെ മരണകാരണം ലഹരി ഉപയോഗം ആണെന്ന് വരുത്തി തീർക്കാൻ ആശുപത്രി മാനേജ്മെൻറ് ശ്രമം നടത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ബിഡിഎസ് പഠനം പൂർത്തിയാക്കിയ ഫിറോഷ് പഞ്ചാബിൽ എംഡിഎസ് പഠനം നടത്തി വരികയായിരുന്നു. ഇതിനിടെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കഴിഞ്ഞ 18ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഫിറോഷ് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് പിറ്റേന്ന് മരണം സംഭവിക്കുകയായിരുന്നു.ഫെബ്രുവരി 12നാണ് പഞ്ചാബിലെ പഠന സ്ഥലത്ത് നിന്നും അവധിക്ക് ഫിറോഷ് നാട്ടിലെത്തിയത്. നേരത്തെ മുംബൈയിൽ നാലുദിവസം ഒരു കോൺഫറൻസിൽ ഫിറോഷ് പങ്കെടുത്തിരുന്നു. പതിനെട്ടിന് രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ബന്ധുക്കൾക്കൊപ്പം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ആയിരുന്നു. ക്യാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച ഫിറോഷിന്റെ മെഡിക്കൽ പരിശോധനകൾ തൃപ്തികരമായതിനാൽ ന്യൂറോ സംബന്ധമായ പ്രശ്നമാണോ എന്ന് സംശയിക്കുന്നതായും സ്ഥിരീകരിക്കാനായി സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ആവശ്യമാണെന്നും അദ്ദേഹം രാവിലെ എത്തുകയുള്ളൂ എന്നും ഡ്യൂട്ടി ഡോക്ടർ ബന്ധുക്കളെ അറിയിച്ചതായി പറയപ്പെടുന്നു. കൂടുതൽ കെയർ ലഭിക്കുന്നതിനായി ആശുപത്രിയിലെതന്നെ എം.ഐ.സി.യുവിലേക്ക് രോഗിയെ മാറ്റുന്നതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചതായി പറയുന്നു. തുടർന്ന് രാവിലെ ഫിറോഷിന്റെ പിതാവ് എം.ഐ.സി.യുവിൽ മകനെ കാണുന്ന നേരം മയക്കത്തിലായിരുന്നു വിവരം ആരാഞ്ഞപ്പോൾ കഴിഞ്ഞ ദിവസം അക്രമാസക്തനായതിനെ തുടർന്ന് സെഡെഷൻ നൽകിയതായി നഴ്സ് അറിയിച്ചതായി പിതാവ് പറയുന്നു. തുടർന്ന് മറ്റൊരു ഡോക്ടർ എത്തുകയും ഫിറോഷ് മയക്കുമരുന്ന് ആയ സ്റ്റാംപ് പോലുള്ള ഒരു വസ്തു ഉപയോഗിച്ചതായി വെളിപെടുത്തിയതായി പിതാവിനോട് പറയുകയും ഇത് മറ്റാരെയും അറിയിക്കേണ്ടെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് അല്പനേരം കഴിഞ്ഞ് ഫിറോഷിന്റെ മരണവാർത്തയാണ് ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്നും മരണത്തിന് പിന്നാലെ ബന്ധുക്കളോട് എല്ലാവരോടും പലപ്പോഴായി മയക്കുമരുന്ന് ഉപയോഗമാണ് മരണത്തിന് കാരണമെന്ന് ആശുപത്രിയിലെ ആളുകൾ പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു ഡോക്ടർ കള്ളം പറയില്ലെന്ന് വിശ്വസിച്ചിരുന്നു. പക്ഷേ പോസ്റ്റുമോർട്ടത്തിൽ നിന്നാണ് സംശയങ്ങൾ ഉടലെടുത്തതെന്നും ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് യാതൊരു നിഗമനങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. വീഴ്ച മറയ്ക്കാനാണ് മയക്കുമരുന്ന് സംബന്ധിച്ച പരാമർശം ഉണ്ടായതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
എന്നാൽ ഫിറോഷിന്റെ കുടുംബത്തിൻറെ ആരോപണങ്ങൾ ആസ്റ്റർ പി.എം.എഫ് ആശുപത്രി വക്താവ് നിഷേധിച്ചു. നിലവിലെ പോസ്റ്റുമാർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയില്ലെന്ന് ഡോ. രാഘവൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു. ഡ്രഗ് അബ്യൂസ് ഉണ്ടായതായി പേഷ്യന്റ് ഹിസ്റ്ററിയിൽ ഡോക്ടർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കളോട് തിരക്കിയങ്കിലും ഇതിനെ സംബന്ധിച്ച് അറിയില്ലെന്ന പ്രതികരണമാണ് ലഭിച്ചതെന്നും അതാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രോഗിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും രോഗിയുടെ ബന്ധുക്കളുമായി സഹകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
0 Comments