സ്വന്തം ലേഖകൻ
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് വരവ്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിനു ശേഷം തമിഴ്നാട്ടിലും ആന്ധ്രയിലും സംഘടിപ്പിച്ച പ്രചാരണ പരിപാടികളിലേക്ക് നീങ്ങുകയായിരുന്നു പ്രധാനമന്ത്രി.
19ന് രാവിലെയാണ് പ്രധാനമന്ത്രി എത്തിച്ചേരുക. രാവിലെ പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. ബിജെപി കേരളത്തിൽ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. 2019ലെ സ്ഥാനാർത്ഥി തന്നെയായിരുന്ന സി. കൃഷ്ണ കുമാർ തന്നെയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.
പാലക്കാട് മേഴ്സി കോളേജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന്റെ ഭാഗമായി മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തരയോടെ പ്രധാനമന്ത്രി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ പദ്ധതിയിട്ടിരിക്കുന്നത്. മലബാറിലെ മറ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും.
മേഖലയിൽ പ്രത്യേക സുരക്ഷാ സേന നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.
ബിജെപി പാലക്കാട് ലോക് സഭാ മണ്ഡലം പിടിക്കുമെന്ന് പറയുന്നതിന് പിന്നില്‍ വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് പത്തനംതിട്ട കഴിഞ്ഞാല്‍ മോദി പാലക്കാട്ടെത്തുന്നത്. 2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ അവിടെ 21.44 ശതമാനം വോട്ടുകള്‍ പിടിച്ചു. കൃത്യമായി നേടിയത് 2.18 ലക്ഷം വോട്ടുകള്‍.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ അവിടെ 15 ശതമാനം വോട്ട് പിടിച്ചു. 1.36 ലക്ഷം വോട്ടുകളാണ് നേടിയത്. 2009ലെ തെരഞ്ഞെടുപ്പിനേക്കാള്‍6.29 ശതമാനം അധികവോട്ടുകള്‍ അന്ന് ബിജെപിയ്‌ക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍ നേടി. 2015ലാകട്ടെ ബിജെപി പാലക്കാട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയയെ തോല്‍പിച്ച ബിജെപിയുടെ പ്രമീള ശശിധരന്‍ ബിജെപിയുടെ മുനിസിപ്പല്‍ അധ്യക്ഷയായി. അന്ന് 52ല്‍ 24 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാല്‍ 2020ല്‍ വീണ്ടും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരിയ്‌ക്കല്‍ കൂടി ബിജെപി വിജയിച്ചു. ഇക്കുറി 2015നേക്കാള്‍ നാല് സീറ്റുകള്‍ അധികം പിടിച്ചുകൊണ്ടായിരുന്നു ബിജെപി ജയം. 52ല്‍ 28 സീറ്റുകള്‍ ബിജെപി നേടി.
2021ല്‍ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ.ശ്രീധരന്‍ വെറും 3850 വോട്ടുകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.
ഇക്കുറി മാറ്റുരയ്‌ക്കുന്നത് ജനകീയ സ്ഥാനാര്‍ത്ഥികളാണ്. സിപിഎം 2019ല്‍ കോണ്‍ഗ്രസിനോടേറ്റ പരാജയത്തിന് പകരം വീട്ടാന്‍ എ. വിജയരാഘവനെ ഇറക്കിയിരിക്കുന്നു. കോണ്‍ഗ്രസ് ഇക്കുറിയും വി.കെ. ശ്രീകണ്ഠനെത്തന്നെയാണ് ഇറക്കുന്നത്. പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നിവയാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങള്‍.
0 Comments