സ്വന്തം ലേഖകൻ
ജറൂസലം : ഗസ്സ നിവാസികൾ തിങ്ങിത്താമസിക്കുന്ന റഫയിൽ നടത്താനുദ്ദേശിക്കുന്ന കരയാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വാഷിങ്ടണിലേക്ക് പ്രതിനിധിസംഘത്തെ അയക്കാമെന്ന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. റഫയിലെ ആക്രമണം വൻ മാനുഷികദുരന്തത്തിന് കാരണമാകുമെന്നും ഒഴിവാക്കണമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട്. സിവിലിയന്മാർ റഫയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാണ് നെതന്യാഹു ആവർത്തിക്കുന്നത്.
ചർച്ചക്കായി പ്രതിനിധിസംഘത്തെ അയക്കാമെന്ന് ദിവസങ്ങൾക്കുമുമ്പ് ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിൽ നെതന്യാഹു അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ രക്ഷാസമിതി പ്രമേയ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള യു.എസ് തീരുമാനത്തിൽ ഇടഞ്ഞായിരുന്നു പിന്മാറ്റം. അമേരിക്ക വിട്ടുനിന്നതിനാൽ പ്രമേയം പാസായിരുന്നു. പിന്നീട് നടന്ന നയതന്ത്രനീക്കത്തിനൊടുവിലാണ് സംഘത്തെ അയക്കാൻ നെതന്യാഹു സമ്മതിച്ചത്. ചർച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.
അതേസമയം, ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മരണം 16 ആയി. ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ ഒരാൾ മരിച്ചു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ മൊത്തം മരണം 32,552 ആയി. 74,980 പേർക്ക് പരിക്കേറ്റു. അൽശിഫ ആശുപത്രി പരിസരത്ത് തുടരുന്ന ഇസ്രായേൽ സൈനികർക്കുനേരെ അൽ ഖസ്സാം, അൽ ഖുദ്സ് ബ്രിഗേഡ് സംയുക്തമായി ആക്രമണം നടത്തി. അതിനിടെ, മസ്ജിദുൽ അഖ്സ മോചിപ്പിക്കാൻ ലോക മുസ്‍ലിംകൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി ഹമാസ് സൈനികവിഭാഗം തലവൻ മുഹമ്മദ് ദീഫിന്റെ ശബ്ദസന്ദേശം പുറത്തുവന്നു.
0 Comments