സ്വന്തം ലേഖകൻ
പാലക്കാട് കോങ്ങാടില്‍ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് സ്വര്‍ണ വ്യാപാരിയെ വീഴ്ത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത ആറംഗ സംഘം അറസ്റ്റില്‍. പാറശ്ശേരി സ്വദേശി ബാബുവാണ് രാത്രി കട അടച്ച് ബൈക്കില്‍ മടങ്ങും വഴി ആക്രമിക്കപ്പെട്ടത്. ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട സംഘത്തെ നാട്ടുകാരാണ് തടഞ്ഞ് വച്ച് പൊലീസിലേല്‍പ്പിച്ചത്.
പെരിങ്ങോട് അഹല്യ ജ്വല്ലറി വര്‍ക്സ് ഉടമയായ ബാബു സ്ഥാപനം പൂട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണത്തിനിരയായത്. രണ്ട് ബൈക്കുകളിലായെത്തിയ യുവാക്കള്‍ ബാബുവിന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബാബുവിനെ അടിച്ച് വീഴ്ത്തിയ ശേഷം കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട സംഘത്തെ കുണ്ടുവംപാടത്തിന് സമീപത്ത് വച്ച് നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു.
ബാഗില്‍ രണ്ട് കിലോ വെള്ളി, അറുപത് ഗ്രാം സ്വര്‍ണം, പതിനായിരം രൂപ മൊബൈല്‍ ഫോണ്‍ എന്നിവയാണുണ്ടായിരുന്നത്. പ്രതികള്‍ രക്ഷപ്പെട്ട വഴിയുള്‍പ്പെടെ വേഗത്തില്‍ ബാബുവിന് നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാനായതാണ് സംഘത്തെ പിടികൂടാന്‍ സഹായമായത്. കോങ്ങാട് പെരിങ്ങോട് പാറശ്ശേരി സ്വദേശി ഗോകുല്‍, വെള്ളിനേഴി സ്വദേശി രാഹുല്‍, ശ്രീകൃഷ്ണപുരം സ്വദേശി ശ്രീക്കുട്ടന്‍, കരിമ്പുഴ സ്വദേശി അബ്ദുല്‍ മുബഷീര്‍, കോട്ടപ്പുറം സ്വദേശി മുഹമ്മദ് ഹാഷിം, കടമ്പഴിപ്പുറം സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്ന് യുവാക്കള്‍ നേരത്തെ മലപ്പുറത്തെ കവര്‍ച്ചാക്കേസില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. വ്യാപാരി വരുന്ന വഴി കൃത്യമായി നിരീക്ഷിച്ച് മനസിലാക്കിയ ശേഷമുള്ള ആക്രമണമെന്നാണ് പിടിയിലായവരുടെ മൊഴി.
0 Comments