banner

എല്ലാ രോഗത്തിനും ഒരേ മരുന്നല്ല!, ഗ്യാൻവാപിയിൽ അയോധ്യാ ബാബറി പള്ളിയുടെ കാര്യത്തിലെന്ന പോലെ ജനമുന്നേറ്റത്തിന് ഇല്ല, വിശദീകരണവുമായി ആർഎസ്എസ്


സ്വന്തം ലേഖകൻ
നാഗ്പുർ : ഗ്യാൻവാപി പള്ളിയുടെ കാര്യത്തിൽ അയോധ്യാ ബാബറി പള്ളിയുടെ കാര്യത്തിലെന്ന പോലെ ഒരു ജനമുന്നേറ്റത്തിന് ആർഎസ്എസ് ഇല്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദത്താത്രേയ ഹൊസബാല. എല്ലാ രോഗത്തിനും ഒരേ മരുന്ന് ആവശ്യമില്ല. പ്രസ്ഥാനങ്ങളുടെ സ്വഭാവം മാറി വരും. എല്ലാ പ്രശ്നങ്ങളിലും രാമജന്മഭൂമി പ്രശ്നത്തിന് സമാനമായ ഇടപെടൽ വേണ്ട. പ്രശ്നം നിലവിൽ കോടതിയിലാണുള്ളത്. രാമജന്മഭൂമി വിഷയം കോടതിയിൽ വിജയിച്ച കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു ദത്താത്രേയ.

ഭരണഘടനയിലെ ന്യൂനപക്ഷങ്ങളെന്ന ആശയം സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്ന് ദത്താത്രേയ ഹൊസബാലെ പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെ ന്യൂനപക്ഷമെന്ന് വിളിക്കുന്നത് ഭിന്നിപ്പ് സൃഷ്ടിക്കുന്നതാണ്. ഭരണഘടനയിലെ ഈ ആശയത്തെക്കുറിച്ച് പുനരാലോചന വേണമെന്ന് അദ്ദേഹം പറഞ്ഞു.

ആർഎസ്എസ്സിന്റെ അഖില ഭാരതീയ പ്രതിനിധി സഭാ ബൈഠക്കിന്റെ അവസാനദിവസം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ദത്താത്രേയ ഈ പ്രസ്താവന നടത്തിയത്.

രാജ്യം എല്ലാവരുടേതുമാണ് എന്നിരിക്കെ ചിലരെ മാത്രം ന്യൂനപക്ഷം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയത്തെ ആർഎസ്എസ് എല്ലായ്പ്പോഴും എതിർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാർ എന്നും ന്യൂനപക്ഷ രാഷ്ട്രീയത്തെ എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ദേശീയതയിൽ എല്ലാവരും ഹിന്ദുക്കളാണെന്ന് ദത്താത്രേയ പറഞ്ഞു. ആർഎസ്എസ്സിലും ഹിന്ദുക്കളുണ്ട്. ഇതിനോട് യോജിക്കാത്തവരുമായി ആർഎസ്എസ് ചർച്ചകൾ നടത്താറുണ്ട്. എല്ലാവർക്കും ആർഎസ്എസ്സുമായി ചർച്ച നടത്താമെന്നും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments