ഇൻഷാദ് സജീവ്
പ്രാക്കുളം : സാമ്പ്രാണിക്കോടി തുരുത്തിലേക്ക് മണലിൽ ക്ഷേത്രക്കടവിൽ നിന്ന് ഡി.റ്റി.പി.സി കൗണ്ടർ ആരംഭിക്കുന്നതിൽ പ്രതിഷേധവുമായി ബോട്ട് ഉടമകളും ജീവനക്കാരും. തൃക്കരുവ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ചൊവ്വാഴ്ച യാണ് തുരുത്തിലേക്ക് സർവ്വീസ് നടത്തുന്ന ബോട്ട് ഉടമകളും ജീവനക്കാരും പ്രതിഷേധവുമായി എത്തിയത്. മണലിൽ ക്ഷേത്രക്കടവിൽ പുതിയ സെൻ്റർ നൽകിയത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും. ഇലക്ഷൻ മുന്നിൽ കണ്ടുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് ഭരണകക്ഷികളും കോർപ്പറേഷനും കളിക്കുന്നതെന്നും പ്രതിഷേധയോഗം ആരോപിച്ചു.
സിറ്റിംഗ് എം.എൽ.എയും ലോക്സഭാ സ്ഥാനാർത്ഥിയുമായ എം.മുകേഷിൻ്റെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് സി.പി.എമ്മിനെതിരെ യോഗത്തിൽ പരോക്ഷ വിമർശനം ഉയർന്നു വന്നത്. സ്വകാര്യ വ്യക്തികളുടെ വാശിയ്ക്ക് എം.എൽ.എ കൂട്ടുനിന്നതായും ലോക്സഭാ ഇലക്ഷനിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും പ്രതിഷേധ യോഗത്തിൽ സംഘാടകർ വ്യക്തമാക്കി. യോഗത്തിന് ശേഷം പ്രതിഷേധക്കാർ തൃക്കരിവാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രനുമായി ചർച്ച നടത്തി. എന്നാൽ സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള യാത്ര സൗകര്യം പഞ്ചായത്തിന്റെ അതിർത്തിയിൽ വരുന്നതായിട്ടും ഇത് സംബന്ധിച്ച് യാതൊരു തീരുമാനങ്ങളും പഞ്ചായത്തിന് അറിയിച്ചില്ലെന്ന് പ്രതിഷേധക്കാരോട് പ്രസിഡൻറ് വ്യക്തമാക്കി. സാമ്പ്രാണിക്കോടി ടൂറിസം നശിപ്പിക്കപ്പെടരുതെന്നും കൂടിയാലോചനകളിൽ കൂടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും പ്രതിഷേധക്കാരോട് പ്രസിഡൻറ് ആവശ്യപ്പെട്ടു.
0 Comments