സ്വന്തം ലേഖകൻ
കോഴിക്കോട് : വടകരയിൽ മത്സരിക്കണമെന്ന് നേതൃത്വം പറഞ്ഞപ്പോൾ ഞെട്ടി പോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പാലക്കാടിനെക്കുറിച്ച് ഓർത്ത് പ്രയാസം തോന്നി. മനസ് ക്ലിയറാകാൻ സമയമെടുത്തുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട്ട് നിന്ന് ലഭിച്ച യാത്രയയപ്പും വടകരയില്‍ നിന്ന് ലഭിച്ച സ്വീകരണവും ഒരു പോലെ ഉജ്ജ്വലമായിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരും. ഉപതെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയതിൽ കൂടുതൽ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും. പാലക്കാട് ജയിക്കില്ലെന്ന് ബിജെപിക്ക് അറിയാം. അത് അറിയാത്തത് ഇപ്പൊഴും സിപിഐഎമ്മാണ്. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി തന്നെയാണെന്നും ഈ തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റും ജയിക്കുന്നതിന്റെ പ്രാധാന്യം പാലാക്കാട്ടുകാര്‍ക്ക് അറിയാമെന്നും ഷാഫി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറഞ്ഞ് ഷാഫി പറമ്പില്‍ വേദിയില്‍ വെച്ച് വികാരാധീനനായി. ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ ഈ വേദിയിലുണ്ടാകുമായിരുന്നു. എല്ലാവരോടും തനിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ് വന്നിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.
വേദിയില്‍ വച്ച് കെ കെ രമ എംഎല്‍എ ടി പി ചന്ദ്രശേഖരന്റെ ചിത്രം ഷാഫി പറമ്പിലിന് കൈമാറി. മക്കളുടെയോ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ മുഖത്ത് ചെറിയ മുറിവ് വന്നാല്‍ സഹിക്കാത്തവരുടെ മുന്നിലാണ് കാപാലികര്‍ ടി പി ചന്ദ്രശേഖരനെ 51 തവണ വെട്ടി കൊന്നത്. കൊല്ലുന്നവന്റെയും കൊല്ലാന്‍ ഏല്‍പ്പിച്ചവന്റെയും പ്രത്യയശാസ്ത്രത്തെ വിജയിക്കാന്‍ വടകരയില്‍ അനുവദിച്ചുകൂടാ.
ടീച്ചര്‍മാരോട് ആദരവാണ്, അമ്മമാരോട് സ്നേഹമാണ്, ടീച്ചറമ്മമാരോടും സ്നേഹമാണ്. എന്നാല്‍ വടകരയുടെ ടീച്ചറമ്മ ആരാണ്? ടി പി ചന്ദ്രശേഖരന്റെ അമ്മ പത്മിനി ടീച്ചറാണ് വടകരയുടെ ടീച്ചറമ്മയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ ടീച്ചറമ്മ എന്ന് വിളിക്കുന്നതിനുള്ള മറുപടിയെന്നോണം ഷാഫി പറഞ്ഞു. കൊടി സുനിയുടെ സംരക്ഷകർക്കും കുഞ്ഞനന്തൻ്റെ ആരാധാകർക്കും വടകരയിൽ സ്ഥാനമില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
0 Comments