സ്വന്തം ലേഖകൻ
സർവീസ് സെന്ററിൽ നിന്ന് അറ്റകുറ്റപ്പണിയും സർവീസും കഴിഞ്ഞ് വീട്ടിലെത്തിച്ച ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിയോടെ കത്തി നശിച്ചു. കഴിവൂർ വേങ്ങപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തിൽ അമൽ വിൻസിന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ചെമ്പൂരിലെ സർവീസ് സെന്ററിലെ അറ്റകുറ്റപ്പണിക്ക് ശേഷം, ബന്ധു വീട്ടിലെ ഷെഡിൽ പാർക്ക് ചെയ്ത് പത്തു മിനിറ്റിന് ശേഷം സ്‌കൂട്ടർ പൊട്ടിത്തെറിയോടെ കത്തി നശിക്കുകയായിരുന്നു എന്ന് അമൽ വിൻസ് പറഞ്ഞു. സ്‌കൂട്ടറിൽ നിന്നുളള തീ പടർന്ന് പാർക്ക് ചെയ്തിരുന്ന ഭാഗത്തെ ജനാലയുടെ കണ്ണാടി ചില്ലുകൾ പൊട്ടിത്തെറിച്ച് ചുമരും തകർന്നു. പാർക്കിംഗ് സ്ഥലത്തെ ആസ്ബെസ്‌റ്റോസ് ഷീറ്റ് പാകിയിരുന്ന ഷെഡും കത്തി നശിച്ചെന്ന് അമൽ പറഞ്ഞു.
വിവരം അറിഞ്ഞ് കാഞ്ഞിരംകുളം പൊലീസും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയപ്പോഴേക്കും സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഒന്നര വർഷം മുമ്പ് വാങ്ങിയ സ്‌കൂട്ടറാണ് കത്തിയമർന്നത്. സംഭവത്തിൽ ഏകദേശം നാലുലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായി വിഴിഞ്ഞം അഗ്‌നിരക്ഷാസേനാ അധികൃതർ പറഞ്ഞു.
0 Comments