banner

ബംഗളൂരുവില്‍ മെട്രോ ട്രാക്കില്‍ ട്രെയിനു മുന്നിലേക്ക് വീണ് യുവാവ് മരിച്ചു!, 19 കാരൻ മനഃപൂര്‍വം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍, അതിദാരുണം


സ്വന്തം ലേഖകൻ
ബംഗളൂരുവില്‍ നമ്മ മെട്രോ ട്രാക്കില്‍ ട്രെയിനു മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു. നാഷനല്‍ സ്‌കൂള്‍ ഓഫ് ലോ വിദ്യാര്‍ഥിയായ മുംബൈ സ്വദേശി ധ്രുവ് തക്കാര്‍ (19) ആണ് മരിച്ചത്. പര്‍പ്പിള്‍ ലൈനില്‍ അത്തിഗുപ്പെ സ്റ്റേഷനില്‍ ഇന്നലെ ഉച്ചക്ക് 2.10നാണ് സംഭവം നടന്നത്. സ്റ്റേഷനിലേക്ക് ട്രെയിന്‍ അടുക്കവെ യുവാവ് മനഃപൂര്‍വം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് വ്യാഴാഴ്ച രണ്ടു മണിക്കൂറോളം പര്‍പ്പിള്‍ ലൈനില്‍ മാഗഡി റോഡ് - ചല്ലഘട്ടെ സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ സര്‍വിസ് തടസ്സപ്പെട്ടു.

ട്രെയിനിനടിയില്‍ നിന്ന് കുടുങ്ങിയ മൃതദേഹം ഏറെ പണിപ്പെട്ട് രണ്ടു മണിക്കൂറോളമെടുത്താണ് പുറത്തെടുത്തത്. ഉടലും തലയും വേര്‍പ്പെട്ട നിലയിലായിരുന്നു. മൃതദേഹവും വലിച്ച് ഏതാനും മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ട്രെയിന്‍ നിന്നത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ ഉള്‍പ്പെട്ട ട്രെയിനില്‍ നിന്ന് മുഴുവന്‍ യാത്രികരെയും പുറത്തിറക്കി പകരം സംവിധാനം ഏര്‍പ്പെടുത്തി. മാഗഡി റോഡ് - ചല്ലഘട്ടെ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വിസ് റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. മെട്രോ റദ്ദാക്കിയതിന്റെ കാരണം പോലും അറിയിച്ചില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുകയുണ്ടായി. മൃതദേഹം നീക്കിയ ശേഷം 4.15 ഓടെ ലൈനില്‍ പതിവുപോലെ സര്‍വിസ് പുനരാരംഭിക്കുകയായിരുന്നു.

Post a Comment

0 Comments