സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്കായി അനുവദിച്ച 50 കോടിയിൽ ഭവനനിർമാണം, ഉപജീവനം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകി ഭരണാനുമതിയിൽ ഭേദഗതിയായി. നേരത്തേ അതിദരിദ്രരുടെ ചികിത്സക്കാണ് പദ്ധതി തുകയിലെ വലിയൊരു പങ്കും മാറ്റിവെച്ചിരുന്നത്.
പത്തു കോടി രൂപയായിരുന്നു ഇത്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം 33.12 കോടി രൂപ അതിദരിദ്രരുടെ ഭവനപദ്ധതിക്കായി നീക്കിവെക്കും. കൂടാതെ ഉപജീവന പദ്ധതികൾക്കും ഊന്നലുണ്ട്. ഇതിനായി കുടുംബശ്രീ മുഖേന 16.43 കോടിയാണ് ചെലവഴിക്കുക. ഇതിനുശേഷം അവശേഷിക്കുന്ന 45 ലക്ഷം മാത്രമാണ് ചികിത്സക്കായി മാറ്റിവെക്കുക.
2023-24 ബജറ്റിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ നിർവഹണത്തിനായി അനുവദിച്ച 50 കോടിയിൽനിന്നാണ് ഭവനനിർമാണം, ഉപജീവനം, ചികിത്സ തുടങ്ങിയവക്കുള്ള തുക നീക്കിവെക്കുന്നത്.
നേരത്തേ ഇറക്കിയ ഭരണാനുമതി പ്രകാരം പത്തുകോടിയായിരുന്നു അതിദരിദ്രരുടെ ഉയർന്ന ചികിത്സ ചെലവിനായി മാറ്റിവെക്കാൻ തീരുമാനിച്ചത്. ഇതുകൂടാതെ 50ൽ താഴെ അതിദരിദ്രരുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് പത്തുലക്ഷം വീതവും 50നു മുകളിലുള്ളവക്ക് 20 ലക്ഷം വീതവും അനുവദിക്കാനും തീരുമാനിച്ചിരുന്നു.
Also Read -
കട്ടപ്പന ഇരട്ടക്കൊല: ഒരു കൊലപാതകത്തിനുകൂടി മുഖ്യപ്രതി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ
എന്നാൽ, പദ്ധതിവിഹിതത്തിന്റെ ഊന്നലിലും തുകയിലും വ്യത്യാസം വരുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്തിറക്കിയത്. പുതിയ ഭേദഗതിപ്രകാരം ഭവനപദ്ധതിക്കായി 33.12 കോടി ലൈഫ് മിഷന് കൈമാറും.
ഉപജീവന പദ്ധതികൾക്കുള്ള വിഹിതം കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർക്കും കൈമാറും. ചികിത്സക്കായുള്ള 45 ലക്ഷം രൂപ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഏകോപനത്തിലാണ് വിനിയോഗിക്കാനാവുക.
സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ചുവർഷത്തിനകം നിർമാർജനം ചെയ്യുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. 2025 നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 64,000ത്തോളം കുടുംബങ്ങളാണ് അതിദാരിദ്ര്യത്തിൽ കഴിയുന്നതായി കണ്ടെത്തിയിട്ടുള്ളത്.
0 Comments