banner

ഡൽഹി ഭരണം ഇനി തിഹാറിലെ രണ്ടാം നമ്പര്‍ സെല്ലിനുള്ളിൽ!, കെജ്‌രിവാളിന് ജയിലിനുള്ളിൽ മുഖ്യമന്ത്രിയുടെ പരിഗണന തന്നെ


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : തിഹാർ ജയിലിലെ രണ്ടാം നമ്പര്‍ ജയിലിൽ ഏപ്രില്‍ 15 വരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉണ്ടാകും. 24 മണിക്കൂർ സിസിടിവി നിരീക്ഷണത്തിലാകും കെജ്‌രിവാളിൻ്റെ ജയിൽ ജീവിതം. ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്‌രിവാളിന് പ്രത്യേക പരിഗണനകളുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കെജ്‌രിവാൾ കസ്റ്റഡിയിലിരുന്നു ഭരിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തിമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പരിഗണനയുടെ അടിസ്ഥാനത്തിൽ കെജ്‌രിവാളിന് തീഹാർ ജയിലിൽ ടെലിവിഷന്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ, വിനോദ, കായിക ചാനലുകള്‍ ഉള്‍പ്പെടെ ഇരുപതോളം ചാനലുകളാണ് അനുവദിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജയിലില്‍ 24 മണിക്കൂറും ഡോക്ടറുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സേവനം ലഭിക്കും. കെജ്‌രിവാളിൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ജയിലിൽ പ്രത്യേക ഭക്ഷണക്രമമാകും ഉണ്ടാവുക. നിലവിൽ ധരിച്ചിട്ടുള്ള മതപരമായ ലോക്കറ്റ് സൂക്ഷിക്കാൻ അനുവദിക്കും.

തിഹാറിലെ തടവുകാര്‍ ദിവസവും രാവിലെ ആറരയ്ക്കാണ് എഴുന്നേല്‍ക്കേണ്ടത്. പ്രഭാതഭക്ഷണമായി ചായയും ഏതാനും ബ്രഡുകളുമാണ് ലഭിക്കുക. തുടര്‍ന്ന് കുളിക്കാം. രാവിലെ 10.30-നും 11 മണിക്കും ഇടയിലാണ് ഉച്ചഭക്ഷണം. കറിക്കൊപ്പം അഞ്ച് റൊട്ടികളോ ചോറോ ലഭിക്കും. തുടര്‍ന്ന് മൂന്ന് മണി വരെ തടവുകാരെ സെല്ലില്‍ അടയ്ക്കും. വൈകിട്ട് 3.30ന് ചായയും രണ്ട് ബിസ്‌കറ്റുകളും ലഭിക്കും. നാല് മണിക്ക് അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്താം. കെജ്‌രിവാളിനെ ജയിലിൽ എത്തിച്ചതോടെ തിഹാർ ജയിൽ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

അതേസമയം ഭഗവദ്ഗീത, രാമായണം, മാധ്യമപ്രവർത്തകയായ നീർജ ചൗധരിയുടെ 'ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്നീ മൂന്ന് പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിൻ്റെ അഭിഭാഷകർ അപേക്ഷ സമർപ്പിച്ചു . എന്നാൽ കെജ്‌രിവാള്‍ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിന്റെ പാസ്‌വേര്‍ഡ്‌ അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങള്‍ക്ക് തനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നല്‍കിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു. എഎപി മുന്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് ആയ വിജയ് നായര്‍ തന്റെയടുത്ത് അല്ല അതിഷിയുടെ അടുത്താണ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് കെജ്‌രിവാള്‍ മൊഴി നല്‍കിയെന്നും ഇഡി പറഞ്ഞു.

Post a Comment

0 Comments