banner

ഇനി കഞ്ചാവ് ഉപയോഗിക്കാൻ വിലക്കില്ല!, പൊതുജനത്തിന് കഞ്ചാവ് വലിയ്ക്കാനും വളർത്താനും അനുമതി നൽകി ജർമനി


സ്വന്തം ലേഖകൻ
ബെര്‍ലിന്‍ : ജര്‍മനിയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കാൻ വിലക്കില്ല. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്ന് ജർമനി കഞ്ചാവുപയോഗം നിയമാനുസൃതമാക്കി. ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി മാറി. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം വരെ കഞ്ചാവ് പൊതുസ്ഥലത്ത് കൈവശം വയ്ക്കാനും 50 ഗ്രാം വീട്ടിൽ സൂക്ഷിക്കാനും പരമാവധി മൂന്ന് ചെടികൾ വളർത്താനും അനുവദിക്കും. പുതിയ നിയമത്തില്‍ അനുമതി നല്‍കുന്നു.

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കരിഞ്ചന്തയിലൂടെ ലഭിക്കുന്ന നിലവാരമില്ലാത്ത കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജര്‍മന്‍ സര്‍ക്കാര്‍ പറഞ്ഞു. ജൂലൈ ഒന്നുമുതല്‍ ക്ലബുകളില്‍ നിന്നും നിയമാനുസൃതമായി കഞ്ചാവ് വാങ്ങാന്‍ സാധിക്കും.

അതേസമയം, കഞ്ചാവുപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാന്‍സറിനും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കുമെന്നും പറയപ്പെടുന്നു.

Post a Comment

0 Comments